മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സൂര്യയെ മറികടന്ന് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് കൈഫ് പറയുന്നത്.

ദില്ലി: ഈ വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ആരൊക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന ആകാംക്ഷ ആരാധകരിലുമുണ്ട്. മധ്യനിരയാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തിയിട്ടില്ല. പകരക്കാരനെന്ന് കരുതുന്ന സൂര്യകുമാര്‍ യാദവ് ഫോമിലുമല്ല. സഞ്ജു സാംസണാവട്ടെ തകര്‍പ്പന്‍ ഫോമിലും. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രാഹുലും ശ്രേയസും തിരിച്ചെത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പകരം സഞ്ജുവും സൂര്യയും തുടരും. അവിടേയും മികച്ച പ്രകടനം പുറത്തെടുത്താന്‍ സഞ്ജുവിനെ തഴയാന്‍ സെലക്റ്റര്‍മാര്‍ക്കാവില്ല.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സൂര്യയെ മറികടന്ന് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് കൈഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുള്‍... ''സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ഏകദിനത്തില്‍ സഞ്ജു സ്വാധീനം ചെലുത്തുന്ന ഒരു ഇന്നിംഗ്‌സ് പുറത്തെടുത്തു. അഞ്ചാമതോ ആറാമതോ ആവട്ടെ, അദ്ദേഹം മുമ്പും ഇത്തരത്തിലുള്ള ഇന്നിംഗ്‌സ് കളിച്ചിട്ടുണ്ട്. ഇഷാന്‍ കിഷനേയോ, അക്‌സര്‍ പട്ടേലിനേയോ മധ്യനിരയില്‍ കളിപ്പിക്കുന്നത് യുക്തിയല്ല. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേയും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേയും കളിക്കുന്ന താരത്തെയാണ് മധ്യനിരയില്‍ കളിപ്പിക്കേണ്ടത്. സഞ്ജുവിന് അത് കഴിയും. സമ്മര്‍ദ്ദ സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തില്‍ കളിച്ച ഇന്നിംഗ്‌സ് അതിന് ഉദാഹരമാണ്. സഞ്ജു ലോകകപ്പിന് തയ്യാറാണ്.'' കൈഫ് വ്യക്തമാക്കി.

അതിവേഗ സെഞ്ചുറിക്ക് പിന്നാലെ കോലി സ്‌റ്റൈല്‍ ആഘോഷം! വൈറലായി രോഹന്‍ കുന്നുമ്മലിന്റെ വീഡിയോ

ജസ്പ്രിത് ബുമ്രയെ കുറിച്ചും കൈഫ് സംസാരിച്ചു. ലോകകപ്പില്‍ ബുമ്രയാകും ഇന്ത്യയുടെ നിര്‍ണായക താരമെന്ന് കൈഫ് പറഞ്ഞു. ''ലോകകപ്പില്‍ ബുമ്രയായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരം. എന്നാല്‍ അദ്ദേഹം പൂര്‍ണ കായികക്ഷമത കൈവരിക്കേണ്ടതുണ്ട്. അയര്‍ലന്‍ഡില്‍ അദ്ദേഹം കളിക്കുന്നുണ്ടെന്ന് അറിയാം, എന്നിരുന്നാലും ഏഷ്യാ കപ്പില്‍ പന്തെറിഞ്ഞാല്‍ മാത്രമെ അദ്ദേഹം എത്രത്തോളം ഊര്‍ജം വീണ്ടെടുത്തിട്ടുണ്ടെന്ന് മനസിലാവൂ.'' കൈഫ് വ്യക്തമാക്കി.