സഞ്ജുവിന് ഇപ്പോൾ ക്യാപ്റ്റൻസി നൽകുന്നത് തെറ്റായ തീരുമാനമായിരിക്കും. കാരണം, സഞ്ജുവിന് ഇപ്പോഴും ചെന്നൈയുടെ സംസ്‌കാരത്തെക്കുറിച്ച് അറിയില്ല.
ചെന്നൈ: ഐപിഎൽ സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ഭാഗമായതോടെ സഞ്ജു ടീമിനെ നയിക്കുമെന്ന ചർച്ചകളും സജീവമാണ്. എന്നാൽ സഞ്ജുവിനെ ഇപ്പോള്‍ നായകസ്ഥാനം ഏൽപ്പിക്കുന്നത് അബദ്ധമാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് മുന്നറിയിപ്പ് നൽകി. സഞ്ജു സാംസൺ ഒരു മികച്ച കളിക്കാരനാണെങ്കിലും ചെന്നൈ ടീമിന്‍റെ സംസ്‌കാരവും ആരാധകരുടെ പ്രതീക്ഷകളും മനസിലാക്കാൻ അദ്ദേഹത്തിന് സമയം നൽകണമെന്ന് കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
സഞ്ജുവിന് ഇപ്പോൾ ക്യാപ്റ്റൻസി നൽകുന്നത് തെറ്റായ തീരുമാനമായിരിക്കും. കാരണം, സഞ്ജുവിന് ഇപ്പോഴും ചെന്നൈയുടെ സംസ്‌കാരത്തെക്കുറിച്ച് അറിയില്ല. അവിടുത്തെ ആരാധകരെയും അവരുടെ വലിയ പ്രതീക്ഷകളെയും ടീമിലെ മറ്റ് കളിക്കാരെയും അടുത്തറിയാൻ അദ്ദേഹത്തിന് സമയം ആവശ്യമാണ്- മുഹമ്മദ് കൈഫ്.
യുവതാരങ്ങൾക്ക് പെട്ടെന്ന് വലിയ ഉത്തരവാദിത്തങ്ങൾ നൽകുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുമെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗില്ലിന്‍റെ കാര്യത്തിൽ സംഭവിച്ച അബദ്ധം സിഎസ്‌കെ ആവർത്തിക്കരുതെന്ന് കൈഫ് ഓർമ്മിപ്പിച്ചു. എല്ലാ ചുമതലകളും ഒരേസമയം ഒരാളുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല. അത് കളിക്കാരന്‍റെ സ്വാഭാവിക പ്രകടനത്തെ ബാധിക്കും. ധോണിയുടെ പകരക്കാരനായി സഞ്ജു മാറുന്നത് ഭാവിയെ സംബന്ധിച്ച പ്ലാൻ ആകണം. പക്ഷേ അത് സാവധാനം മതി. ഒന്നോ രണ്ടോ വർഷം സഞ്ജു ഒരു ബാറ്ററായി അവിടെ കളിക്കട്ടെ. അതിന് ശേഷം മാത്രം നായകസ്ഥാനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതി- കൈഫ് പറഞ്ഞു.
നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനെ ഇപ്പോള്‍ മാറ്റരുതെന്നും കൈഫ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റുതുരാജ് ടീമിനെ നയിക്കുന്നുണ്ടെന്നും ടീമിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും കൈഫ് പറഞ്ഞു. 2024-ൽ ധോണിക്ക് ശേഷം ക്യാപ്റ്റനായ റുതുരാജിന് കീഴിൽ ടീമിന് പ്ലേ ഓഫിലെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സഞ്ജുവിനെ നായകനാക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായത്. എങ്കിലും, സഞ്ജുവിനെ പെട്ടെന്ന് ഒരു വലിയ ഉത്തരവാദിത്തമേൽപ്പിക്കാതെ ടീമിൽ സെറ്റിലാകാൻ സമയം നല്‍കണമെന്നാണ് കൈഫിന്‍റെ പക്ഷം.
