രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബാറ്റിംഗ് തകർച്ച നേരിട്ട ബംഗാൾ മികച്ച സ്കോറിലെത്തി. ഷഹബാസ് അഹമ്മദിന്റെ തകർപ്പൻ സെഞ്ചുറിയാണ് ബംഗാളിനെ 350 റൺസിൽ എത്തിച്ചത്.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗാള്‍. ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗാള്‍ ഷഹബാസ് അഹമ്മദിന്റെ സെഞ്ചുറി കരുത്തില്‍ രണ്ടാം ദിനം 350 റണ്‍സിന് ഓള് ഔട്ടായി.ഏഴാമനായി ക്രീസിലിറങ്ങിയ ഷഹബാസ് അഹമ്മദ് 203 പന്തില്‍ 121 റണ്‍സുമായി ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
എട്ടാം വിക്കറ്റില്‍ സുമാന്ത ഗുപ്ത(49)ക്കൊപ്പം 103 റണ്‍സിന്റെയും ഒമ്പതാം വിക്കറ്റില്‍ പ്രദിപ്താ പ്രമാണിക്കിനൊപ്പം(27) 59 റണ്‍സിന്റെയും നിര്‍ണായക കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയാണ് ഷഹഹാസ് ബംഗാളിനെ 300 കടത്തിയത്. അവസാന വിക്കറ്റില്‍ ഇന്ത്യൻ താരം മുഹമ്മദ് ഷമിയും(17) സഹോദരൻ മുഹമ്മദ് കൈഫും ചേര്‍ന്ന് ബംഗാളിനെ 350 കടത്തി. കേരളത്തിനായി ആദിത്യ സര്‍വാതെ നാലും എന്‍ പി ബേസില്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ എം ഡി നിധീഷ് രണ്ട് വിക്കറ്റെടുത്തു. എട്ട് ഫോറും നാലു സിക്സും പറത്തിയാണ് ഷഹബാസ് 121 റണ്‍സെടുത്തത്.
ഇന്നലെ ആദ്യ ദിനം മഴയെ തുടർന്ന് മത്സരം മൂന്ന് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറിയുമായി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുർ പോളും ചേർന്ന് വേഗത്തിലുള്ള തുടക്കമാണ് ബംഗാളിന് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് വീണു. പത്ത് റൺസെടുത്ത അഭിമന്യു ഈശ്വരൻ എം.ഡി. നിധീഷിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ആമിർ ഗാനിയും അങ്കുർ പോളും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത ആമിർ ഗാനിയെ പുറത്താക്കി എൻ.പി. ബേസിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. മറുവശത്ത് അനായാസം സ്കോറിങ് തുടർന്ന് അങ്കുർ പോൾ 64 പന്തുകളിൽ അർധസെഞ്ച്വറി പൂർത്തിയാക്കി.
എന്നാൽ ആദിത്യ സർവാടയെ വീണ്ടും പന്തേൽപ്പിച്ച ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ തന്ത്രം ഫലം കണ്ടു. 66 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന അങ്കുർ പോളിനെ അഭിഷേക് പി. നായരുടെ കൈകളിൽ എത്തിച്ച സർവാടെ, തൻ്റെ അടുത്ത ഓവറിൽ സുധീപ് ചാറ്റർജിയെയും അഭിഷേക് പോറലിനെയും പുറത്താക്കി. ആറ് റൺസെടുത്ത സുധീപ് ചാറ്റർജി സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തിൽ അഭിഷേക് പോറലിനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ സർവാടെ തന്നെ പുറത്താക്കി.
ഇതോടെ അഞ്ച് വിക്കറ്റിന് 108 റൺസെന്ന നിലയിലായ ബംഗാളിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന സുധീപ് കുമാർ ഘരാമിയും ഷഹബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുൻപത്തെ ഓവറിലാണ് പുറത്തായത്. എൻ.പി. ബേസിലിന്റെ പന്തിൽ അഭിഷേക് നായർ ക്യാച്ചെടുത്താണ് സുധീപ് മടങ്ങിയത്.





