ഇന്ത്യക്കെതിരെ 2022 ടി20 ലോകകപ്പിലെ അവസാന ഓവറിനെ കുറിച്ച് പറയുകയാണ് നവാസ്. കോലി തന്നെയാണ് മികച്ചവനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നുവെന്ന് നവാസ് സമ്മതിച്ചു.

ഇസ്ലാമാബാദ്: കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ക്രിക്കറ്റ് ആരാധകര്‍ മറക്കാനിടയില്ല. അന്ന് മുഹമ്മദ് നവാസിന്റെ അവസാന ഓവറിലാണ് ഇന്ത്യ വിജയിക്കുന്നത്. ഇന്ത്യ തോല്‍വി കാണുമ്പോള്‍ വിരാട് കോലിയുടെ ഇന്നിംഗ്‌സാണ് ടീമിനെ ജയിപ്പിക്കുന്നത്. 160 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വിരാട് കോലി പുറത്താവാതെ നേടിയ 82 റണ്‍സിന്റെ പുറത്താണ് വിജയിക്കുന്നത്. 6.1 ഓവറുകള്‍ക്ക് ശേഷം 31-4 എന്ന നിലയിലായിരുന്നു ഇന്ത്യയെന്നും ഓര്‍ക്കണം. നവാസ് എറിഞ്ഞ 20-ാം ഓവറില്‍ 16 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഫലത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

ഇപ്പോള്‍ ഇന്ത്യക്കെതിരെ 2022 ടി20 ലോകകപ്പിലെ അവസാന ഓവറിനെ കുറിച്ച് പറയുകയാണ് നവാസ്. കോലി തന്നെയാണ് മികച്ചവനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നുവെന്ന് നവാസ് സമ്മതിച്ചു. ''കോലി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. 40 റണ്ണിനുള്ളില്‍ നിങ്ങള്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മാത്രമല്ല, നമ്മുടെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും നന്നായി പന്തെറിഞ്ഞുകൊണ്ടിരുന്നു. ആ സാഹചര്യത്തിലും കോലി പുറത്തെടുത്തത് ലോകകത്തിലെ മികച്ച താരത്തിനുണ്ടാവേണ്ട പോരാട്ടവീര്യമാണ്. ആ ഘട്ടത്തിലും മത്സരം വിജയിപ്പിക്കുകയെന്നുള്ളത് ഏറ്റവും മികച്ചവര്‍ക്ക് മാത്രമെ കഴിയൂ. ആ ഓവറിനെ കുറിച്ച് ഓര്‍മിപ്പിച്ച് എന്നെ വീണ്ടും വേദനിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.'' നവാസ് ചിരിയോടെ പറഞ്ഞു.

ഇത് ഇന്ത്യയാണ്, ദ്രാവിഡ് പറഞ്ഞതിലും കാര്യമുണ്ട്! ഇഷാന്‍ കിഷനെതിരെ വെട്ടിത്തുറന്ന് മുന്‍ ഇന്ത്യന്‍ താരം

എന്നാല്‍ അത്തരമൊരു സാഹചര്യം വീണ്ടും വന്നാല്‍ മികവ് കാണിക്കാനാവുമെന്ന് നവാസ് പറഞ്ഞു. ''വലിയ ആവേശമുണ്ടാക്കിയ മത്സരമായിരുന്നത്. അന്നത്തെ അനുഭവം എന്നെ ശക്തനാക്കിയെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, അത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോവുമ്പോഴുള്ള അനുഭവം കൂടുതല്‍ കരുത്തനാക്കുമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴെനിക്ക് പൊരുത്തപ്പെടാന്‍ സാധിക്കും. നിക്ക് പോലും ആ കളി മറക്കാന്‍ കഴിയില്ല. ഓസ്‌ട്രേലിയയില്‍ എത്തുമ്പോഴെല്ലാം ആ ഓവര്‍ എന്റെ മനസില്‍ തെളിയും.'' നവാസ് പറഞ്ഞു. ഓസ്ട്രേലിയയെ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് ഒരു ചിരിയോടെ നവാസ് കൂട്ടിചേര്‍ത്തു.