ലഖ്‌നൗ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ രാജ്യം ലോക്ക്ഡൗണില്‍ ആയതോടെ വീട്ടില്‍ തന്നെയാണ് മിക്കവരും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സമയം ചെലവഴിക്കുന്നത് വീഡിയോ ചാറ്റിലൂടെയും മറ്റുമാണ്. ഇതിനിടെ, നേരിട്ട അനുഭവം തുറന്നുപറയുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. യൂസ്‌വേന്ദ്ര ചാഹലുമായി നടത്തിയ വീഡിയോ ചാറ്റിലാണ് ഷമിയുടെ തുറന്നുപറച്ചില്‍.

വഴിയില്‍ കുഴഞ്ഞുവീണ അതിഥി തൊഴിലാളിയെ സഹായിച്ച സംഭവമാണ് ഷമി വിവരിക്കുന്നത്. അദ്ദേഹം തുടര്‍ന്നു... ''ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ രാജസ്ഥാനില്‍നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്നു അയാള്‍. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം നടന്ന വീടിന് മുന്നിലായതുകൊണ്ട് ദൃശ്യം സിസി ടിവിയില്‍ ദൃശ്യമായി. ലഖ്‌നൗവില്‍ നിന്ന് എത്ര ദൂരം സഞ്ചരിച്ചാലാണ് അവിടെയെത്തുക. നാട്ടിലേക്കു പോകാന്‍ അദ്ദേഹത്തിന് മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു അയാള്‍. ഉടന്‍തന്നെ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമെത്തിച്ചു. താമസവും തരപ്പെടുത്തി 

പ്രദേശത്തെ പ്രാദേശിക സംഘടനകളെ അറിയിച്ചു. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. അവര് അനുഭവിക്കുന്ന ദുരിതം പൂര്‍ണമായും മനസിലാക്കാനായി. ഇപ്പോള്‍ പ്രാദേശിക സംഘടനകളുടെ സഹായത്തോടെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എത്തിക്കുന്ന തിരക്കിലാണ്.'' ഷമി പറഞ്ഞുനിര്‍ത്തി.