225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് മുഹമ്മദ് നബിയുടെ പോരാട്ടവീര്യമാണ് ജയപ്രതീക്ഷ നല്‍കിയത്. അവസാന മൂന്നോവറില്‍ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 പന്തില്‍ 24 റണ്‍സ്.
ദില്ലി: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ആവേശപ്പോരാട്ടമാണ് ആരാധക മനസില്‍ ഓടിയെത്തുന്നത്. ഏകദിനങ്ങളില്‍ നേർക്കുനേർ പോരാട്ടങ്ങളിൽ അഫ്ഗാനിസ്ഥാനോട് ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. എന്നാൽ കഴിഞ്ഞ ലോകകപ്പിവേതടക്കം അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ അഫ്ഗാനിസ്ഥാൻ ശരിക്കും വിറപ്പിച്ചിരുന്നു.
2009ലാണ് അഫ്ഗാനിസ്ഥാൻ ആദ്യമായിരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്ത്യയുമായി ആദ്യ ഏറ്റുമുട്ടൽ 2014ലെ ഏഷ്യാകപ്പിൽ. മിർപൂരിൽ അന്ന് എട്ടുവിക്കറ്റിന് ഇന്ത്യ അഫ്ഗാനെ തകർത്തു. പിന്നെയും നാല് വർഷത്തിന് ശേഷം ഏഷ്യ കപ്പിൽ വീണ്ടും മുഖാമുഖം.രണ്ട് ടീമുകളും 252 റൺസ് നേടി മത്സരം ടൈ ആയി. ലോകകപ്പിലെ ആദ്യ നേർക്കുനേർ പോരാട്ടം 2019ൽ.ഇന്ത്യയെ 224ൽ ഒതുക്കി അഫ്ഗാൻ അട്ടിമറി പ്രതീക്ഷ ഉയർത്തി.
225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് മുഹമ്മദ് നബിയുടെ പോരാട്ടവീര്യമാണ് ജയപ്രതീക്ഷ നല്‍കിയത്. അവസാന മൂന്നോവറില്‍ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 പന്തില്‍ 24 റണ്‍സ്. 43 റണ്‍സുമായി മുഹമ്മദ് നബിയുടെ പോരാട്ടം. 48-ാം ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി വഴങ്ങിയത് മൂന്ന് റണ്‍സ്. 49-ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര അഞ്ച് റണ്‍സ് മാത്രം വഴങ്ങി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അപ്പോഴും അവസാന ഓവറില്‍ അഫ്ഗാന് ജയത്തിലേക്ക് 16 റണ്‍സ് മാത്രം.
ഷമിയുടെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് മുഹമ്മദ് നബി ഞെട്ടിച്ചു. ഇതോടെ ജയത്തിലേക്ക് അഞ്ച് പന്തില്‍ 12 റണ്‍സ്. അടുത്ത പന്തില്‍ റണ്ണില്ല. പിന്നീടുള്ള മൂന്ന് പന്തുകളില്‍ ഷമി അഫ്ഗാന്‍റെ അട്ടിമറി സ്വപ്നം തകര്‍ത്തു. മൂന്നാം പന്തില്‍ സിക്സിന് ശ്രമിച്ച മുഹമ്മദ് നബി ലോങ് ഓണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൈകളിലെത്തി. അടുത്ത പന്തില്‍ അഫ്താബ് ആലം ബൗള്‍ഡ്. അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്മാന്‍റെ പ്രതിരോധം തകര്‍ത്ത് ഷമി ഹാട്രിക്കും ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കി. അവസാന ഓവറിൽ ഇന്ത്യക്ക് 11 റൺസ് ജയം. ടി20യിൽ അഞ്ച് തവണയും ടെസ്റ്റിൽ ഒരിക്കലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പം തന്നെ.
