ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രധാനതാരമാണ് മുഹമ്മദ് ഷമി. കഴിഞ്ഞ സീസണില്‍ 24.68 ശരാശരിയില്‍ 19 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ കൂടുതല്‍ പരിചയസമ്പത്തുള്ള ബൗളറും ഷമി തന്നെ. ഇപ്പോല്‍ യുഎഇയിലുള്ള ഷമി ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത പരിശീലനത്തിലായിരുന്നു. അതുകൊണ്ടുതന്നെ കുടംബത്തേയും മകളേയും കാണാന്‍ സാധിച്ചിരുന്നില്ല.

ഭാര്യയായിരുന്ന ഹസിന്‍ ജഹാനുമായി പിരിഞ്ഞ ഷമി ഉത്തര്‍ പ്രദേശില്‍ സഹസ്പൂരിലെ വീട്ടിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ സമയമായതിനാല്‍ മകളെ കാണാനും കഴിഞ്ഞിരുന്നില്ല. മകള്‍ ഐറ അടുത്തില്ലാത്തത് നന്നായി വിഷമിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷമി. പിടിഐയുമായി സംസാരിക്കുമ്പോഴാണ് ഷമി ഇക്കാര്യം പറഞ്ഞത്. ''അവള്‍ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ സമയത്ത് എനിക്കവളെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അവളെ കഴിയാത്തത് വലിയ നഷ്ടമായി തോന്നുന്നു.' ഷമി പറഞ്ഞു.

വളരെകാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ഒരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നും ഷമി പറഞ്ഞു. ''ദീര്‍ഘകാലത്തിന് ശേഷമാണ് ക്രിക്കറ്റ് കളിക്കുന്നതെന്നറിയാം. എന്നാല്‍ എല്ലാവരും സന്തോഷത്തോടെയാണ് ഇരുന്നിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഞങ്ങള്‍ പരിശീലന മത്സരത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ലോക്ക്ഡൗണ്‍ സമയത്ത് പരിശീലനം നടത്തിയത് പോലെയായിരുന്നു ഇതും. എല്ലാ താരങ്ങളും അവരുടേതായ താളം കണ്ടെത്തി.'' ഷമി പറഞ്ഞു. 

കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമായി തോന്നുന്നില്ലെന്നും ഒരിക്കലും ടീമിനെ ബാധിക്കില്ലെന്നും ഷമി കൂട്ടിച്ചേര്‍ത്തു.