ദില്ലി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരിക്കല്‍ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചേക്കാമെന്ന ഘട്ടത്തില്‍ നിന്ന് തിരിച്ചുവന്ന താരമാണ് മുഹമ്മദ് ഷമി. വിഷാദ രോഗത്തെ തുടര്‍ന്ന് ആത്മഹത്യകുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അടുത്തിടെ ഷമി വ്യക്തമാക്കിയിരുന്നു. വിഷാദരോഗം പ്രത്യേകം പരിഗണന നല്‍കേണ്ട പ്രശ്‌നമാണെന്ന് ഷമി പറയുന്നത്.   

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ഷമി വിഷാദ രോഗത്തെ കുറിച്ച് സംസാരിക്കുന്നത്. സുശാന്തിനെ കുറിച്ചും ഷമി പറയുന്നുണ്ട്. ഇന്ത്യന്‍ പേസര്‍ പറയുന്നതിങ്ങനെ... ''സുശാന്ത് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തെ പോലെ ഒരു കഴിവുള്ള താരം ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായി പോയി. മാനസികമായി അദ്ദേഹം അനുഭവിച്ചിരുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തോട് ഒന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിച്ചുപോകുന്നു. കുടുംബാംഗങ്ങള്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ആ മോശം കാലഘട്ടം അതിജീവിക്കാന്‍ സഹായിച്ചത്.'' ഷമി പറഞ്ഞു. 

''മറ്റുള്ളവരോട് തുറന്നു സംസാരിച്ചാല്‍ത്തന്നെ പകുതി പ്രശ്‌നങ്ങള്‍ തീരും. എന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മറ്റ് ടീമംഗങ്ങളുടെയും ഉറച്ച പിന്തുണ ലഭിച്ചുവെന്നത് ഭാഗ്യമാണ്. ശാരീരികമായ അവസ്ഥയെ പോലും മാനസിക നിലയ്്ക്ക് സാധിക്കും.  എന്റെ ദേഷ്യവും നിരാശയും കളത്തില്‍ പ്രകടിപ്പിക്കാന്‍ ടീമംഗങ്ങള്‍ എപ്പോഴും ഉപദേശിച്ചിരുന്നു. ആ മോശം സമയത്തെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

എനിക്കും ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ സമയത്ത് ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉറപ്പുവരുത്തി.'' ഷമി പറഞ്ഞുനിര്‍ത്തി.