Asianet News MalayalamAsianet News Malayalam

മുഹമ്മദ് ഷമിയുടെ വഴിയെ അനിയന്‍; വിജയ് ഹസാരെ ട്രോഫിയില്‍ സ്റ്റാറായി കൈഫ്, ബംഗാളിനായി മിന്നും പ്രകടനം

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്‍റെ ബൗളിംഗ് പ്രധാനിയായി മാറാനാകും എന്ന പ്രതീക്ഷയിലാണ് മുഹമ്മദ് കൈഫ്

Mohammad Shami younger brother Mohammed Kaif shines in Vijay Hazare Trophy 2023
Author
First Published Dec 5, 2023, 7:24 AM IST

കൊല്‍ക്കത്ത: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ അനിയന്‍ മുഹമ്മദ് കൈഫ്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി കളിക്കുന്ന ഇരുപത്തിയാറുകാരനായ കൈഫ് ഇത്തവണ വിജയ് ഹസാരെയില്‍ 4 കളികളില്‍ 7 വിക്കറ്റ് സ്വന്തമാക്കി. ഗോവയ്‌ക്കെതിരെ നേടിയ മൂന്ന് വിക്കറ്റാണ് മികച്ച പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ 2021ല്‍ ജമ്മു ആന്‍ഡ് കശ്‌മീരിനെതിരെ കളിച്ചാണ് മുഹമ്മദ് കൈഫ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് കൈഫിനെ അഭിനന്ദിച്ചുള്ള മുഹമ്മദ് ഷമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധേയമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്‍റെ ബൗളിംഗ് പ്രധാനിയായി മാറാനാകും എന്ന പ്രതീക്ഷയിലാണ് മുഹമ്മദ് കൈഫ്. ഇതോടെ ഐപിഎല്ലില്‍ കളിക്കാനാകും എന്നും താരം സ്വപ്‌നം കാണുന്നു. പേസിനൊപ്പം ഷമിയെ പോലെ തന്നെ സ്വിങും മുഹമ്മദ് കൈഫിന്‍റെ സവിശേഷതയാണ്. വിജയ് ഹസാരെയില്‍ ഗ്രൂപ്പ് ഇയില്‍ 5 കളികളില്‍ നാല് ജയവും 16 പോയിന്‍റുമായി നിലവില്‍ ഒന്നാംസ്ഥാനത്താണ് ബംഗാള്‍. ഇത്ര തന്നെ പോയിന്‍റുള്ള തമിഴ്‌നാടിനെ നെറ്റ് റണ്‍റേറ്റില്‍ മറികടന്നാണ് ബംഗാള്‍ തലപ്പത്തെത്തിയത്. മധ്യപ്രദേശിനും 16 പോയിന്‍റുണ്ടെങ്കിലും അവര്‍ ഒരു മത്സരം അധികം കളിച്ചു. 

അടുത്തിടെ അവസാനിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി കൈഫിന്‍റെ മൂത്ത സഹോദരന്‍ മുഹമ്മദ് ഷമി തിളങ്ങിയിരുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ ഷമി ഏഴ് മത്സരങ്ങളില്‍ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാല് വിക്കറ്റ് പ്രകടനവും സഹിതം ആകെ 24 വിക്കറ്റുമായി ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാവുകയായിരുന്നു. ലോകകപ്പില്‍ 48.5 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് ഷമി 10.71 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിലാണ് 24 വിക്കറ്റുകള്‍ പിഴുതത്. 257 റണ്‍സെ 2023 ഏകദിന ലോകകപ്പില്‍ ഷമി വിട്ടുകൊടുത്തുള്ളൂ. കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ ഷമിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വരാനിരിക്കുന്ന ഏകദിന, ട്വന്‍റി 20 പരമ്പരകളിലേക്ക് പരിഗണിച്ചിട്ടില്ല. 

Read more: ലോകകപ്പിലെ സൂപ്പര്‍ ഹീറോ; എന്നിട്ടും മുഹമ്മദ് ഷമി വീണ്ടും ടീമിന് പുറത്തേക്ക്- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios