ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് മുഹമ്മദ് ഷമിയെ ഫിറ്റ്‌നസിലേക്ക് തിരികെ കൊണ്ടുവരുന്നതിലാണ് ടീം ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യ ഇനി പരിഗണിക്കാന്‍ സാധ്യതയില്ല എന്ന് റിപ്പോര്‍ട്ട്. ഷമിയെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി ഉപയോഗിക്കാനാണ് ഇന്ത്യന്‍ ബോര്‍ഡിന്‍റെ പദ്ധതി. 2024ലെ ട്വന്‍റി 20 ലോകകപ്പില്‍ ഷമി കളിക്കുന്ന കാര്യം വരുന്ന ഐപിഎല്‍ സീസണിലെ പ്രകടനം ആശ്രയിച്ചിരിക്കും എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിംഗ് ഇലവനിലെത്തിയ താരമാണ് മുഹമ്മദ് ഷമി. ഏഴ് മത്സരങ്ങളില്‍ മാത്രം അവസരം കിട്ടിയ ഷമി മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാല് വിക്കറ്റും സഹിതം ആകെ 24 വിക്കറ്റുമായി ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. രണ്ടാമത് നില്‍ക്കുന്ന ഓസീസ് സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് 11 മത്സരങ്ങള്‍ വേണ്ടിവന്നു 23 വിക്കറ്റ് സ്വന്തമാക്കാന്‍. ലോകകപ്പില്‍ 48.5 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് ഷമി 10.71 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിലാണ് 24 വിക്കറ്റുകള്‍ പിഴുതത്. 257 റണ്‍സെ 2023 ഏകദിന ലോകകപ്പില്‍ ഷമി വിട്ടുകൊടുത്തുള്ളൂ. കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ ഷമിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വരാനിരിക്കുന്ന ഏകദിന, ട്വന്‍റി 20 പരമ്പരകളിലേക്ക് പരിഗണിച്ചില്ല. അതേസമയം ടെസ്റ്റ് സ്‌ക്വാഡില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിക്ക് മാറിയെത്തിയാലും മുഹമ്മദ് ഷമിയെ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് ഇനി പരിഗണിക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏകദിന ലോകകപ്പില്‍ കളിച്ച പ്രധാന താരങ്ങള്‍ മിക്കവരും 2024ലെ ട്വന്‍റി 20 ലോകകപ്പിനുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത് എങ്കിലും ഷമിയെ പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. മുമ്പും ഷമിയുടെ ട്വന്‍റി 20 കരിയര്‍ തുലാസിലായിട്ടുണ്ട്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം ടീമിലെടുക്കാതിരുന്ന ഷമി തൊട്ടടുത്ത വര്‍ഷം ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിലേക്കുള്ള ടീമിലേക്ക് മടങ്ങിവരികയായിരുന്നു. ഷമിയെ 2024ലെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നത് ഐപിഎല്ലിലെ മികവ് നോക്കിയായിരിക്കും എന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് മുഹമ്മദ് ഷമിയെ ഫിറ്റ്‌നസിലേക്ക് തിരികെ കൊണ്ടുവരുന്നതിലാണ് ടീം ഇന്ത്യ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ അഞ്ചും ടെസ്റ്റുകള്‍ ഇന്ത്യക്ക് വരാനുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ടെസ്റ്റില്‍ ഷമിയുടെ പ്രകടനം നിര്‍ണായകമാകും എന്നാണ് കണക്കുകൂട്ടുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഷമി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയും പരിശീലനവും നടത്തും. ഇവിടെ ഫിറ്റ്‌നസ് തെളിയിച്ച ശേഷമാകും ദക്ഷിണാഫ്രിക്കയിലേക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി മുഹമ്മദ് ഷമി പറക്കുക.
Read more: മിന്നാന്‍ മിന്നു മണി തുടരും; ഇംഗ്ലണ്ട്, ഓസീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
