ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും കണ്ടത് ഷമി മാജിക്ക്. നാലു വിക്കറ്റുമായി തിളങ്ങിയ ഷമി രണ്ടാം ഇന്നിംഗ്സില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറാണെന്ന് കണക്കുകള്‍ അടിവരയിടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഷമിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ഇന്നിംഗ്സുകളില്‍  നിന്നായി 51 വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ മാത്രം ഷമി എറിഞ്ഞിട്ടത്. ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സും(48), നേഥന്‍ ലിയോണും(47) മാത്രമാണ് ഇക്കാര്യത്തില്‍ ഷമിക്ക് സമീപത്തുള്ള മറ്റ് ബൗളര്‍മാര്‍.

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ(34), രവീന്ദ്ര ജഡേജ(32) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുമ്ര പോലും ഇക്കാര്യത്തില്‍ ഷമിക്ക് ഏറെ പിന്നിലാണ്.

രണ്ടാം ഇന്നിംഗ്സില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 29 വിക്കറ്റുകളാണ് ബുമ്ര എറിഞ്ഞിട്ടത്. ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ 31 റണ്‍സ് വഴങ്ങിയാണ് ഷമി നാലു വിക്കറ്റ് പിഴുതത്. ഷമിയുടെ പന്തില്‍ മുഷ്ഫിഖുര്‍ റഹീം നല്‍കിയ ക്യാച്ച് രോഹിത് ശര്‍മ നിലത്തിട്ടില്ലായിരുന്നെങ്കില്‍ അഞ്ച് വിക്കറ്റ് നേട്ടം ഷമിക്ക് സ്വന്തമാവുമായിരുന്നു.