ഐപിഎൽ റെക്കോർഡുകൾ എടുത്തു നോക്കൂ, കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ ഏതെങ്കിലും ഒരു ഇന്ത്യൻ ബൗളർ എന്‍റെ റെക്കോർഡുകൾക്ക് അടുത്തെങ്കിലും എത്തിയിട്ടുണ്ടോ?.

ലക്നൗ: ടി20 ഫോർമാറ്റിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തെ ഐപിഎൽ കണക്കുകൾ പരിശോധിച്ചാൽ മറ്റേതൊരു ഇന്ത്യൻ ബൗളറേക്കാളും മികച്ച പ്രകടനമാണ് താൻ കാഴ്ചവെച്ചതെന്നും എന്നിട്ടും തന്നെ ടി20 ബൗളറല്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു. വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബോറടിക്കുന്നതുവരെ ക്രിക്കറ്റില്‍ തുടരുമെന്നും ഷമി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ കഴിവിനെ ചോദ്യം ചെയ്യുന്നവർ കണക്കുകൾ പരിശോധിക്കണമെന്ന് ഷമി ആവശ്യപ്പെട്ടു. കണക്കുകൾ ആരും എണ്ണി പറയേണ്ട കാര്യമില്ല. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ എന്തിനാണ് കണക്കുകള്‍ നോക്കി വിലയിരുത്തുന്നത്?. ഐപിഎൽ റെക്കോർഡുകൾ എടുത്തു നോക്കൂ, കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ ഏതെങ്കിലും ഒരു ഇന്ത്യൻ ബൗളർ എന്‍റെ റെക്കോർഡുകൾക്ക് അടുത്തെങ്കിലും എത്തിയിട്ടുണ്ടോ?. എന്നിട്ടും ഞാൻ ടി20 ബൗളറല്ല എന്നാണ് പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 130 വിക്കറ്റുകൾ ഞാൻ നേടിയിട്ടുണ്ട്. ഇനിയെന്താണ് നിങ്ങൾക്ക് വേണ്ടതെന്നും ഷമി ചോദിച്ചു.

ടി20 ഫോർമാറ്റിൽ താൻ ഇപ്പോഴും കരുത്തനാണെന്ന് തെളിയിക്കുന്നതാണ് ഷമിയുടെ സമീപകാല പ്രകടനങ്ങൾ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെറും 7 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ഷമി വീഴ്ത്തിയിരുന്നു. എന്നിട്ടും 2026 ടി20 ലോകകപ്പിനുള്ള ടീമിൽ ഹർഷിത് റാണയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെയാണ് സെലക്ടർമാർ തിരഞ്ഞെടുത്തത്. 2025 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഷമി അവസാനമായി ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിച്ചത്.

വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതേയില്ലെന്നും ഷമി പറഞ്ഞു. അത്തരം ചിന്തകൾ നമ്മളെ തളർത്തുകയേയുള്ളൂ. വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ ഇതിനകം തളർന്നു കഴിഞ്ഞു എന്നാണ്. എനിക്ക് മടിയോ മടുപ്പോ തോന്നുന്നില്ല, ഞാൻ കളി ആസ്വദിക്കുകയാണ്. എനിക്ക് ബോറടിക്കുമ്പോള്‍ കളി നിര്‍ത്തും.

താൻ ടീമിൽ ഇല്ലാത്തതിന് കാരണം പി.ആർ ഏജൻസികളുടെ അഭാവമാണോ എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു ഷമിയുടെ മറുപടി. പിആർ വലിയൊരു ഘടകമാണ്. പല കമ്പനികളും താരങ്ങൾക്കായി അത് ചെയ്യുന്നുണ്ട്. എന്നാൽ എനിക്ക് ഭാഗ്യത്തിൽ വിശ്വാസമുണ്ട്. ആർക്കെങ്കിലും കുറച്ചുകാലം എന്നെ തടഞ്ഞുനിർത്താൻ സാധിച്ചേക്കാം. എന്നാൽ അതിനെ താൻ പോസിറ്റീവ് ആയി മാത്രമേ കാണുന്നുള്ളൂവെന്നും ഷമി പറഞ്ഞു.

കഴിഞ്ഞ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനായി നടത്തിയ മികച്ച പ്രകടനത്തിന് ശേഷം, ഐപിഎൽ ഈ സീസണില്‍ ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ ബൗളിംഗ് നിരയെ നയിക്കുന്നത് ഷമിയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടും ടീം സെലക്ഷനിൽ തന്നെ അവഗണിക്കുന്ന ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിക്ക് ഐപിഎല്ലിലെ പ്രകടനത്തിലൂടെ ശക്തമായ മറുപടി നല്‍കാനൊരുങ്ങുകയാണ് ഷമി.

2023-ലെ ഏകദിന ലോകകപ്പിലും 2025-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും നിർണായക പങ്കുവഹിച്ച താരമാണ് ഷമി. എന്നാൽ പരിക്കിനെത്തുടർന്ന് കുറച്ചുനാൾ ടീമിന് പുറത്തായ ഷമി, പൂർണ്ണ കായികക്ഷമത വീണ്ടെടുത്തിട്ടും സെലക്ടർമാർ അവഗണിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് പരമ്പരകളിലും ടി20 ലോകകപ്പിലും ഷമിയെ പരിഗണിച്ചിരുന്നില്ല. 2025-26 ആഭ്യന്തര സീസണിൽ ബംഗാളിനായി 67 വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലാണെന്ന് തെളിയിച്ചിട്ടും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഷമിയെ തഴ‌ഞ്ഞു. അഗാര്‍ക്കര്‍ക്കെതിരെ നടനത്തിയ പരസ്യ പ്രസ്താവനകളാണ് ഷമിക്ക് തിരിച്ചടിയായതെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക