ലാഹോര്‍: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് കിംഗ് ഓഫ് റിവേഴ്‌സ് സ്വിങ്(റിവേഴ്‌സ് സ്വിങുകളുടെ രാജാവ്) ആകാന്‍ കഴിയുമെന്ന് റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഷൊയൈബ് അക്തര്‍. വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷമി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായതിന് പിന്നാലെയാണ് തന്‍റെ യൂടൂബ് ചാനലിലൂടെ മുന്‍ പാക് പേസറുടെ വാക്കുകള്‍.

'ഇന്ത്യയുടെ ഏകദിന ലോകകപ്പ് പരാജയത്തിന് ശേഷം ഷമി തന്നെ വിളിച്ചിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തില്‍ താന്‍ നിരാശനാണ് എന്നായിരുന്നു ഷമിയുടെ വാക്കുകള്‍. ആത്മവിശ്വാസം കൈവിടരുതെന്നും ഫിറ്റ്നസ് നിലനിര്‍ത്താനുമായിരുന്നു ഷമിക്ക് നല്‍കിയ ഉപദേശം. ഹോം സീരിസ് വരുന്നുണ്ടെന്നും അതില്‍ തിളങ്ങാനാകുമെന്നും ഷമിയോട് പറഞ്ഞു. 

തീപാറും പേസറായി മാറണമെന്ന് ഷമിയോട് ആവശ്യപ്പെട്ടു. ഷമിക്ക് വേഗവും സ്വിങുമുണ്ട്. ഉപഭൂഖണ്ഡത്തില്‍ അപൂര്‍വം താരങ്ങളില്‍ മാത്രം കാണാറുള്ള റിവേഴ്‌സ് സ്വിങും ഷമിക്കുണ്ട്. താങ്കള്‍ക്ക് റിവേഴ്‌സ് സ്വിങുകളുടെ രാജാവായി മാറാനാകും എന്ന് ഷമിയോട് പറഞ്ഞു. വിരാട് കോലിക്ക് കീഴില്‍ ഷമിക്ക് വളരാനാകും. കാര്യപ്രാപ്തിയുള്ള, ബൗളര്‍മാര്‍ക്ക് സ്വാതന്ത്ര‌്യം നല്‍കുന്ന നായകനാണ് കോലി' എന്നും അക്‌തര്‍ വീഡിയോയില്‍ പറഞ്ഞു. 

അഞ്ചാം ദിനം 35 റണ്‍സ് വിട്ടുകൊടുത്ത് ഷമി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ 203 റണ്‍സിന് വിജയിച്ചു. ഷമി വീഴ്‌ത്തിയ അഞ്ചില്‍ നാല് വിക്കറ്റുകളും ബൗള്‍ഡായിരുന്നു എന്നത് സവിശേഷതയാണ്. ഹോം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാം ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഷമി. ടെസ്റ്റില്‍ 2018 മുതല്‍ രണ്ടാം ഇന്നിംഗ്‌സില്‍ മാത്രം ഷമി 40 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.