ഏകദിനത്തില്‍ വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ഷമി. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറെയാണ് ഷമി പിന്തള്ളിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തന്നെ ഷമി റെക്കോര്‍ഡ് സ്വന്തമാക്കി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ മുഹമ്മദ് ഷമിയുടെ പ്രകടനം അധികം ചര്‍ച്ചയായിരുന്നില്ല. ജസ്പ്രിത് ബുമ്രയുടെ ആറ് വിറ്റ് പ്രകടനത്തില്‍ ഷമി മുങ്ങിപ്പോവുകയായിരുന്നു. ഏഴ് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ ഷമി മൂന്ന് വിക്കറ്റ് നേടിയിരുന്നു. ബെന്‍ സ്റ്റോക്‌സിനെ ആദ്യ പന്തില്‍ തന്നെ മടക്കിയ ഷമി ജോസ് ബട്‌ലര്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവരേയും മടക്കിയയച്ചു. മൂന്ന് വിക്കറ്റ് നേട്ടത്തിന് പിന്നാലെ താരത്തെ തേടി ഒരു റെക്കോര്‍ഡുമെത്തി.

ഏകദിനത്തില്‍ വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ഷമി. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറെയാണ് ഷമി പിന്തള്ളിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തന്നെ ഷമി റെക്കോര്‍ഡ് സ്വന്തമാക്കി. 80-ാം മത്സരത്തിലാണ് ഷമി 150 വിക്കറ്റില്‍ എത്തിയത്. അഗാര്‍ക്കര്‍ 97 മത്സരത്തിലായിരുന്നു നേട്ടത്തിലെത്തിയത്. ഇക്കാര്യത്തില്‍ സഹീര്‍ ഖാനാണ് മൂന്നാം സ്ഥാനത്ത്. 103 മത്സരത്തില്‍ നിന്നാണ് സഹീര്‍ ഖാന്‍ 150 വിക്കറ്റ് വീഴ്ത്തിയിരുന്നത്. 

Scroll to load tweet…

ലോക ക്രിക്കറ്റ് ഒന്നാകെയെടുത്താല്‍ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ് ഷമി. അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും 80 മത്സരങ്ങളിലാണ് 150 വിക്കറ്റെടുത്തത്. ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ടിനെ മറികടക്കാനും ഷമിക്ക് സാധിച്ചു. 150 വിക്കറ്റെടുക്കാന്‍ ബോള്‍ട്ടിന് 81 മത്സരങ്ങള്‍ വേണ്ടിവന്നു. അതേസമയം, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമത്. 77 മത്സരങ്ങളിലാണ് സ്റ്റാര്‍ക്ക് നേട്ടം സ്വന്തമാക്കിയത്. മുന്‍ പാകിസ്ഥാന്‍ താരം സഖ്‌ലെയ്ന്‍ മുഷ്താഖാണ് രണ്ടാമത്. 78 മത്സരങ്ങളിലാണ് സഖ്‌ലെയ്ന്‍ 150 വിക്കറ്റെടുത്തത്.

പരിക്ക് ഭേദമായില്ല; വിരാട് കോലിക്ക് രണ്ടാം ഏകദിനവും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓവലില്‍ ഇംഗ്ലണ്ടിന്റെ 110 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനം നാളെ ലോര്‍ഡ്‌സില്‍ നടക്കും.