രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി തന്റെ ഫിറ്റ്നസ് വിമർശകർക്ക് മറുപടി നൽകി. ആളുകൾ എന്ത് പറഞ്ഞാലും താൻ അതൊന്നും കാര്യമാക്കുന്നില്ലെന്നും കളി ആസ്വദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്‍ക്കത്ത: തന്റെ ഫിറ്റ്നസിനെയും ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെയും കുറിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് രഞ്ജി ട്രോഫിയിലെ മികച്ച ബോളിംഗ് പ്രകടനത്തിലൂടെ മുഹമ്മദ് ഷമി മറുപടി നല്‍കിയിരുന്നു. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ ദിനത്തില്‍ ഡല്‍ഹിക്കെതിരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചു. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചും ഷമി മറുപടി നല്‍കി.
ഷമിയുടെ വാക്കുകള്‍... ''നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും, എഴുതുകയും ചെയ്യാം. അത് നിങ്ങളുടെ ജോലിയല്ലേ? എന്റെ ഫിറ്റ്നസ് നിങ്ങള്‍ കാണുന്നുണ്ട്, അത് അതുപോലെ എഴുതുക. ഞാന്‍ പറയാന്‍ നില്‍ക്കുന്നതില്‍ എന്ത് കാര്യം? ഞാന്‍ ഗ്രൗണ്ടിലുണ്ട്, കളിക്കുന്നുണ്ട്. സാധ്യമായ ഇടങ്ങളിലെല്ലാം ഞാന്‍ പന്തെറിയുന്നുണ്ട്. എന്റെ ജോലി എപ്പോഴും പന്തെറിയുക എന്നത് മാത്രമാണ്.'' ഷമി മറുപടി നല്‍കി. കല്യാണിയില്‍ നടന്ന മത്സരത്തില്‍ 17.3 ഓവറില്‍ 9 മെയ്ഡനുകള്‍ ഉള്‍പ്പെടെ 30 റണ്‍സ് മാത്രം വഴങ്ങിയാണ് 36കാരനായ ഷാമി 4 വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഡല്‍ഹിയെ 240 റണ്‍സിന് പുറത്താക്കുന്നതില്‍ ഷമിയുടെ പ്രകടനം നിര്‍ണായകമായി. യാഷ് ധുള്‍, ആയുഷ് ദോസേജ, ഹൃതിക് ഷോക്കീന്‍, ദിവീജ് മെഹ്‌റ എന്നിവരെയാണ് ഷമി പുറത്താക്കിയത്. ''എനിക്ക് യാതൊരു മാറ്റവും തോന്നുന്നില്ല. ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എനിക്ക് താളമില്ലെന്നും ഫിറ്റ്നസ് ഇല്ലെന്നും ചിലര്‍ പറയുന്നത് ഞാന്‍ കേട്ടു. എന്നാല്‍ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല, ഞാന്‍ എന്റെ കളി ആസ്വദിക്കുകയാണ്.'' ഷമി വ്യക്തമാക്കി.
2025 മാര്‍ച്ച് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നിട്ടും ബിസിസിഐ സെലക്ടര്‍മാര്‍ താരത്തെ അവഗണിക്കുകയായിരുന്നു. മുന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഷമിയുടെ ഫിറ്റ്നസിനെപ്പറ്റി സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കളത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തുകൊണ്ട് ഷമി അതിനെ പ്രതിരോധിച്ചു.
കഴിഞ്ഞ രഞ്ജി സീസണില്‍ ബംഗാളിനായി 7 മത്സരങ്ങളില്‍ നിന്ന് 16.72 ശരാശരിയില്‍ 37 വിക്കറ്റുകളാണ് ഷാമി വീഴ്ത്തിയത്. നിലവില്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, തന്റെ ജോലി കൃത്യമായി ചെയ്ത് ദേശീയ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പേസര്‍.

