ഇതോടെ 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുന്ന കാര്യം സംശയത്തിലായി. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഷമി അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസര്‍ മുഹമ്മദ് ഷമി കളിക്കാനുള്ള സാധ്യത മങ്ങി. ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി വിദഗ്ദ പരിശോധനകള്‍ക്കായി ഉടന്‍ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസമെങ്കിലും കഴിയാതെ ഷമിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നാണ് കരുതുന്നത്.

ഇതോടെ 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുന്ന കാര്യം സംശയത്തിലായി. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഷമി അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ ഷമി പുറത്തുവിട്ടിരുന്നു. ഇതോടെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലെങ്കലും ഷമി തിരിച്ചെത്തുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു.

തുടക്കത്തിലെ തകര്‍ച്ച, രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളം പ്രതിരോധത്തില്‍; പ്രതീക്ഷ സഞ്ജുവില്‍

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള പരിശീലത്തില്‍ ഏര്‍പ്പെട്ടിരുന്ന ഷമി അക്കാദമിയിലെ സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദനായ നിതിന്‍ പട്ടേലിനൊപ്പമാണ് വിദഗ്ദ പരിശോധനകള്‍ക്കായി ലണ്ടനിലേക്ക് പോകുകയെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മുഹമ്മദ് ഷമിക്കൊപ്പം വിദഗ്ദ പരിശോധനകള്‍ക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ലണ്ടനിലേക്ക് പോകാനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്.

2022 ഡിസംബറില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ഐപിഎല്ലിലൂടെ റിഷഭ് പന്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ താരമായ പൃഥ്വി ഷായും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള ചികിത്സയിലാണ്. ഒരുമാസമെങ്കിലും കഴിഞ്ഞാലെ പൃഥ്വി ഷാക്ക് മത്സര ക്രിക്കറ്റ് കളിക്കാനാകു എന്നാണ് റിപ്പോര്‍ട്ട്. 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക