നോര്‍ത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. സെന്‍ട്രല്‍ സോണ്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സെടുത്തു, മലേവാര്‍ (198*), പടിധാര്‍ (125).
ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ ഈസ്റ്റ് സോണിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രം. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നോര്‍ത്ത് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തിട്ടുണ്ട്. കന്നയ്യ വധാവന്‍ (42), മായങ്ക് ദാഗര്‍ (28) എന്നിവരാണ് ക്രീസില്‍. 63 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് നോര്‍ത്ത് സോണിന്റെ ടോപ് സ്‌കോറര്‍. മനീഷി നോര്‍ത്ത് സോണിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. മറ്റൊരു ഇന്ത്യന്‍ താരം മുകേഷ് കുമാറിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
ഭേദപ്പട്ട തുടക്കമായിരുന്നു നോര്‍ത്ത് സോണിന്. ഒന്നാം വിക്കറ്റില്‍ ശുഭം കജൂരിയ (26) - അങ്കിത് കുമാര്‍ (30) സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മനീഷി പന്തെറിയാന്‍ എത്തിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. രണ്ട് ഓപ്പണര്‍മാരും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് യഷ് ദുള്‍ (39) - ബദോനി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടും പൊളിച്ച് മനീഷി തന്നെയായിരുന്നു. ദുള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് വന്ന് നിശാന്ത് സിന്ധുവും (70 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു. ബദോനിക്കൊപ്പം 61 റണ്‍സാണ് സിന്ധു കൂട്ടിചേര്‍ത്തത്.
ബദോനിയെ പുറത്താക്കി മുക്താര്‍ ഹുസൈനാണ് നോര്‍ത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കിയത്. വൈകാതെ സിന്ധുവും മടങ്ങി. സഹില്‍ ലോത്രയ്്ക്ക തിളങ്ങാനായില്ല. ലോത്രയുടെ വിക്കറ്റാണ് ഷമി വീഴ്ത്തിയത്. പിന്നീട് വധാവന്‍ - ദാഗര്‍ എന്നിവര്‍ വിക്കറ്റ് പോവാതെ കാത്തു. ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ ആവാത്തതിനാല്‍ പ്ലേയിംഗ് ഇലവനില്‍ എത്താനായില്ല.
സെന്‍ട്രല്‍ സോണിനും മികച്ച തുടക്കം
നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ സെന്‍ട്രല്‍ സോണും മികച്ച തുടക്കം നേടി. ഒന്നാം ദിനം നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 432 റണ്‍സെടുത്തിട്ടുണ്ട് സെന്‍ട്രല്‍ സോണ്‍. ഡാനിഷ് മലേവാര്‍ (219 പന്തില്‍ പുറത്താവാതെ 198), രജത് പടിധാര്‍ (96 പന്തില്‍ 125) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സെന്‍ട്രല്‍ സോണിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. യഷ് റാത്തോട് (32) ക്രീസിലുണ്ട്. ആയുഷ് പാണ്ഡെ (3), ആര്യന്‍ ജുയല്‍ (60) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ ധ്രുവ് ജുറലിന് കളിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

