ആര്‍സിബിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം റിയാന്‍ പരാഗ് പുറത്തെടുത്തിരുന്നു

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) താരം റിയാന്‍ പരാഗും(Riyan Parag) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(RCB) ഹര്‍ഷല്‍ പട്ടേലും(Harshal Patel) തമ്മിലുള്ള വാക്‌പോര് വലിയ ചര്‍ച്ചയായിരുന്നു. സീസണ്‍ അവസാനിച്ചതിന് പിന്നാലെ അന്നത്തെ സംഭവങ്ങള്‍ വിവരിച്ചിരിക്കുകയാണ് പരാഗ്. ഹര്‍ഷലിനെ ചീത്ത വിളിച്ചിട്ടില്ലെന്നും ഇടയ്‌ക്ക് കയറിയ മുഹമ്മദ് സിറാജ്(Mohammed Siraj) എന്താണ് പറഞ്ഞതെന്നും പരാഗ് വെളിപ്പെടുത്തി. 

'കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കെതിരെ കളിക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നെ പുറത്താക്കി. ശേഷം പവലിയനിലേക്ക് ചൂണ്ടി യാത്രയാക്കി. അന്നത് കണ്ടിരുന്നില്ല. ഹോട്ടലിലെത്തിയ ശേഷം റിപ്ലേ കണ്ടപ്പോഴാണ് ഇത് മനസിലായത്. അത് എന്‍റെ മനസിലുണ്ടായിരുന്നു. ഈ സീസണില്‍ ഹര്‍ഷലിനെ അവസാന ഓവറില്‍ സിക്‌സറടിച്ചതിന് പിന്നാലെ അതേ ആംഗ്യം തിരിച്ചുകാണിക്കുകയായിരുന്നു. ഞാനൊന്നും പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടില്ല. എന്നാല്‍ ഇന്നിംഗ്‌സിന് ശേഷം സിറാജ് എന്നെ അടുത്തേക്ക് വിളിച്ചു. ഹര്‍ഷാല്‍ ഒന്നും പറഞ്ഞുമില്ല. 

സിറാജ് എന്നോട് പറ‌ഞ്ഞത് ഇങ്ങനെ...നിയൊരു കുട്ടിയാണ്, കുട്ടിയെ പോലെ പെരുമാറൂ. ചേട്ടാ, നിങ്ങളോട് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല എന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. ഇരു ടീമിലേയും താരങ്ങളെത്തി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ഹര്‍ഷല്‍ ഹസ്‌തദാനം ചെയ്‌‌തുമില്ല. അത് അപക്വമായാണ് എനിക്ക് തോന്നിയത്'- പരാഗ് പറഞ്ഞുനിര്‍ത്തി. 

ആര്‍സിബിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം റിയാന്‍ പരാഗ് പുറത്തെടുത്തിരുന്നു. 31 പന്തില്‍ പുറത്താകാതെ 56 റണ്‍സായിരുന്നു നേട്ടം. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഹര്‍ഷലിനെ സിക്‌സര്‍ പറത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ഉടക്കായത്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 ഇന്നിംഗ്‌സില്‍ 183 റണ്‍സാണ് പരാഗ് നേടിയത്. അതേസമയം ഫീല്‍ഡില്‍ ഗംഭീര പ്രകടനം താരം പുറത്തെടുത്തു. 17 ക്യാച്ചുമായി ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമായി. 

IPL 2022 : രണ്ട് സിക്സർ, പിന്നാലെ കട്ട ഉടക്ക്; മൈതാനത്ത് ഏറ്റുമുട്ടി പരാഗും ഹർഷലും- വീഡിയോ