സിഡ്‌നി: വളരെയേറെ വിഷമഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് കടന്നുപോകുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് അദ്ദേഹം. ഇതിനിടെയാണ് സിറാജിന്റെ അച്ഛന്‍ കഴിഞ്ഞദിവസം മരണപ്പെട്ടത്. ബിസിസിഐ നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാമെന്ന് പറഞ്ഞെങ്കിലും സിറാജ് ടീമിനൊപ്പം തുടരുകയായിരുന്നു.

ദേശീയ ജഴ്സി അണിഞ്ഞ് കളിക്കുന്നത് കാണാന്‍ ഏറ്റവും ആഗ്രഹിച്ചത് പിതാവാണെന്നും ഞാന്‍ ഇന്ത്യക്കുവേണ്ടി കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷമെന്നും സിറാജ് പറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിരിക്കുകയാണ് സിറാജ്. ഓസീസിനെതിരെ മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് താരം വ്യക്തമാക്കി. ''അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഓസ്‌ട്രേലിക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് എന്റെ ലക്ഷ്യം. അദ്ദേഹം ഈ ലോകത്തില്‍ ഇല്ലെന്ന് എല്ലാവരും പറയുന്നു. 

എന്നാല്‍ ഇപ്പോഴും അദ്ദേഹം എന്റെ ഹൃദയത്തിലുണ്ട്. ഞാന്‍ അമ്മയുമായി സംസാരിച്ചപ്പോള്‍ അച്ഛന്റെ സ്വപ്നത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ആശിര്‍വദിക്കുകയുമാണ് ചെയ്തത്. വിഷമഘട്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി വലിയ പിന്തുണ നല്‍കി. പിതാവിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ശക്തനായി നില്‍ക്കൂവെന്നാണ് കോലി പറഞ്ഞത്. ടീമംഗങ്ങളെല്ലാം കൂടെയുണ്ടായിരുന്നു. എന്റെ ആത്മവിശ്വാസവും ഈ പിന്തുണ തന്നെ.'' സിറാജ് വ്യക്താക്കി.

എന്നാല്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവരില്‍ ഒരാളെ മറികടന്ന് ടീമില്‍ ഇടം നേടുക എളുപ്പമാവില്ല. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ഇശാന്ത് ശര്‍മ ഉണ്ടാവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ താരത്തെ കളിപ്പിക്കാനും സാധ്യതയുണ്ട്.