Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടവേളകളില്ലാതെ മലയാളികള്‍ വരുമെന്ന് മോഹന്‍ലാല്‍; കേരള ക്രിക്കറ്റ് ലീഗ് ജനങ്ങളിലേക്ക്

മികച്ച സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

mohanlal on kerala cricket league and more
Author
First Published Aug 31, 2024, 5:50 PM IST | Last Updated Aug 31, 2024, 5:50 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാന്‍ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി ക്രിക്കറ്റ് ലീഗ് ചാംപ്യന്മാര്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തുകൊണ്ട് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

മികച്ച സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ക്രിക്കറ്റ് ഒരു കായിക വിനോദത്തിനുമപ്പുറം ലോകമെമ്പാടും ഒരു വികാരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആരാധകരുള്ള രണ്ട് കായികവിനോദങ്ങള്‍ ക്രിക്കറ്റും ഫുട്ബോളുമാണ്. രണ്ടിന്റേയും ഏതു മത്സരങ്ങള്‍ക്കും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മലയാളികള്‍ ലോകമെമ്പാടുമുണ്ട്. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമൊക്കെ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു തങ്ങളുടേത്. ഇന്നത്തെ തലമുറ ധോണി മുതല്‍ സഞ്ജു സാസംണ്‍ വരെ കയ്യൊപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാനിറങ്ങുന്നത്.'' മോഹന്‍ലാല്‍ പറഞ്ഞു.

സുരക്ഷിതമല്ല, പാകിസ്ഥാനിലേക്ക് വരരുത്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്‍ പാക് താരത്തിന്റെ മുന്നറിയിപ്പ്

സൗകര്യങ്ങളെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ''ക്രിക്കറ്റ് പരിശീലിക്കാന്‍ മികച്ച അവസരമാണ് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാര്‍ക്ക് നല്‍കുന്നത്. കേരളത്തിലുടനീളം പടര്‍ന്നുകിടക്കുന്ന ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉള്‍പ്പെടെയുള്ള നല്ലകാര്യങ്ങളുടെ ഫലമായാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിനു മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ പറ്റുന്നതാണ്. വനിതാ ഇന്ത്യന്‍ ടീമില്‍ ഈ വര്‍ഷം മിന്നു മണി, ആശാ ശോഭന, സജന സജീവന്‍ എന്നീ മൂന്നു മിടുക്കികള്‍ക്ക് അവസരം ലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്താന്‍ ധാരാളമാണ്. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാന്‍ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്, അതിന് സാധിക്കട്ടെ.'' മോഹന്‍ലാല്‍ പറഞ്ഞു.

ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, വനിതാ ക്രിക്കറ്റ് ഗുഡ്വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios