ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന് വെല്ലുവിളിയുമായി കൊൽക്കത്തൻ ക്ലബ് മോഹൻ ബഗാൻ. ദേശീയ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകില്ലെന്നാണ് മോഹൻ ബഗാൻ മാനേജ്‌മെന്റിന്റെ നിലപാട്.

ബെംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകൻ ഖാലിദ് ജമീലിന് വെല്ലുവിളിയുമായി കൊൽക്കത്തൻ ക്ലബ് മോഹൻ ബഗാൻ. ദേശീയ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകില്ലെന്നാണ് മോഹൻ ബഗാൻ മാനേജ്മെന്‍റിന്‍റെ നിലപാട്. കാ​ഫ നേഷ​ൻ​സ് ക​പ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ സാധ്യതാ സംഘത്തിലേക്ക് പുതിയ പരിശീലകൻ ഖാലിദ് ജമീൽ 35 താരങ്ങളെ തെരഞ്ഞെടുത്തിരുന്നു. ബെംഗളൂരുവിൽ പരിശീലന ക്യാമ്പിനും തുടക്കമായി. എന്നാൽ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴ് താരങ്ങളെ വിട്ടുനൽകില്ലെന്നാണ് കൊൽക്കത്ത ക്ലബ് മോഹൻ ബഗാന്‍റെ നിലപാട്.

മലയാളിതാരം സഹൽ അബ്ദുൽ സമദ്, വി​ശാ​ൽ കെ​യ്ത്ത്, ലാ​ല​ങ്മാ​വി​യ, അ​നി​രു​ദ്ധ് ഥാ​പ്പ, ദീ​പ​ക് താ​ങ്റി, മ​ൻ​വീ​ർ സി​ങ്, ലി​സ്റ്റ​ൺ കൊ​ളാ​സോ എ​ന്നി​വ​രെയാണ് ദേശീയ ക്യാമ്പിലേക്ക് ബഗാൻ വിട്ടുൽകാത്തത്. എല്ലാവരും ദേശീയ ടീമിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം അണ്ടർ 23 ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിപേന്ദു ബിശ്വാസ്, സുഹൈൽ ഭട്ട്, പ്രിയാൻഷ് ദുബെ, അഭിഷേക് സിംഗ് എന്നിവരെയും ബഗാൻ വിട്ടയക്കില്ല. ഫിഫ കലണ്ടറിൽ ഉൾപ്പെടാത്ത മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുനൽകണമെന്ന് നിർബന്ധമില്ലെന്നും താരങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ശ്രദ്ധയൊന്നുമില്ലെന്നുമാണ് ബഗാന്‍റെ നിലപാട്.

നേരത്തേ, ഡ്യൂറൻഡ് കപ്പിന് ശേഷം താരങ്ങളെ ഇന്ത്യൻ ക്യാമ്പിലേക്ക് അയക്കുമെന്നായിരുന്നു ബഗാൻ അറിയിച്ചത്. കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റതോടെ ബഗാൻ മാനേജ്മെന്റ് നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയു മികച്ച ഗോൾസ്കോററായ സുനിൽ ഛേത്രിയെ ഒഴിവാക്കിയാണ് ഖാലിദ് ജമീൽ ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മലേഷ്യ പിൻമാറിയതോടെയാണ് കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് അവസരം കിട്ടിയത്. ഈമാസം 25ന് തജിക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. സെപ്റ്റംബർ ഒന്നിന് ഇറാനെയും നാലിന് അഫ്ഗാനിസ്ഥാനേയും ഇന്ത്യ നേരിടും. ഫിഫ റാങ്കിംഗിൽ നൂറ്റി മുപ്പത്തിമൂന്നാം സ്ഥാനത്താണിപ്പോൾ ഇന്ത്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക