കൊല്‍ക്കത്ത: ഐ ലീഗ് ക്ലബായ മോഹന്‍ ബഗാനും ഐസ്എല്‍ ക്ലബായ എടികെയും തമ്മിലുള്ള ലയനം പൂര്‍ണമായി. അടുത്തകാലത്ത് നടന്ന ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഇരുടീമുകളും ലയിച്ചത്. ക്ലബില്‍ എടികെയ്ക്ക് 80 ശതമാനം ഓഹരിയും മോഹന്‍ ബഗാന് 20 ശതമാനം ഓഹരിയുമാണുള്ളത്. 

അടുത്ത സീസണ്‍ മുതല്‍ പുതിയ ക്ലബായിരിക്കും ഐഎസ്എല്ലില്‍ ഇറങ്ങുക. എടികെയുടേയും മോഹന്‍ ബഗാന്റേയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തും. എടികെ മോഹന്‍ ബഗാന്‍ എന്നായിരിക്കും പുതിയ ക്ലബിന്റെ പേര്. ഈ സീസണ്‍ അവസാനിക്കും വരെ ഇരു ടീമുകളും പഴയത് പോലെതന്നെ മുന്നോട്ട് പോവും.

130 വര്‍ഷത്തെ പഴക്കമുണ്ട് മോഹന്‍ ബഗാന്‍. അത്തരമൊരു ക്ലബ് എടിക്കെയില്‍ ലയിക്കുന്നത് ഇന്ത്യന്‍ ഫു്ട്‌ബോളിലെ മാറ്റമായിട്ടാണ് കാണുന്നത്. തന്റെ പിതാവ് ആര്‍പി ഗോയങ്കെ മോഹന്‍ ബഗാനിലെ അംഗമായിരുന്നതിനാല്‍ ഈ ലയനം തനിക്ക് വൈകാരികമായ പുനഃസമാഗമമാണെന്ന് എടികെ ഉടമയായ ആര്‍പിഎസ്ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.