ധാക്ക: ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ മഷ്‌റഫെ മൊര്‍ത്താസ നായകസ്ഥാനത്ത് നിന്നൊഴിഞ്ഞു. എങ്കിലും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. സിംബാബ്‌വെയ്‌ക്കെതിരെ നാളെ നടക്കുന്ന ഏകദിനത്തിലാണ് മൊര്‍ത്താസ അവസാനമായി ടീമിനെ നയിക്കുക. ഏകദിന ലോകകപ്പിന് ശേഷം മൊര്‍ത്താസ വിരമിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ നായകസ്ഥാനം ഒഴിയുക മാത്രമാണ് ചെയ്തത്.  

വിരമിക്കല്‍ വാര്‍ത്തകള്‍ അദ്ദേഹം നേരത്തെ തള്ളികളഞ്ഞിരുന്നു. പിന്നാലെ നടന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറി. പിന്നീട് ഫെബ്രുവരിയില്‍ വിരമിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിന്നു. ബംഗ്ലാദേശിനായി 219 ഏകദിനങ്ങള്‍ കളിച്ച മൊര്‍ത്താസ 269 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

മൊര്‍ത്താസയ്ക്ക് കീഴില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ പരമ്പര സ്വന്തമാക്കിയിരുന്നു ബംഗ്ലാദേശ്. ഒരു തവണ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിലേക്കും യോഗ്യത നേടി. ഒരു തവണ ഏഷ്യാകപ്പ് ഫൈനലും കളിച്ചു.