ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-‍ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ രസകരമായൊരു നിമിഷത്തെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ. ഡല്‍ഹിക്കായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോഴായിരുന്നു എപ്പോഴും കൂളായ ധോണി ചൂടായതെന്ന് ഇഷാന്ത് പറഞ്ഞു.

രവീന്ദ്ര ജഡേജയായിരുന്നു ആ സമയം ചെന്നൈക്കായി പന്തെറിഞ്ഞിരുന്നത്. ഞാന്‍ ക്രീസിലെത്തിയപ്പോഴെ ധോണി എന്നെ കളിയാക്കി പറഞ്ഞു, നിനക്ക് സിക്സൊന്നും അടിക്കാനാവില്ല, കാരണം നിനക്ക് അത്ര ശക്തിയൊന്നുമില്ല. അപ്പോഴാണ് ജഡേജ എനിക്കെതിരെ പന്തെറിയാനെത്തുന്നത്. ജഡേജയുടെ പന്തില്‍ ആദ്യം ഒരു ബൗണ്ടറി നേടിയ ഞാന്‍, അടുത്ത പന്ത് സിക്സറിന് പറത്തി.

Also Read: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനേക്കാളും ജനപ്രീതിയുണ്ടായിരുന്നു ബാലാജിക്ക്; കാരണം വെളിപ്പെടുത്തി നെഹ്‌റ

എന്നിട്ട് പ്രതികരണമറിയാനായി ഞാന്‍ തിരിഞ്ഞ് ധോണിയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ, ജഡേജയെ ചെവിപൊട്ടുന്ന ചീത്തവിളിക്കുകയായിരുന്നു അപ്പോള്‍ ധോണി-ഐസൊലേഷന്‍ പ്രീമിയര്‍ ലീഗ് എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് ഇഷാന്ത് പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 147 റണ്‍സാണടിച്ചത്. മൂന്ന് പന്തില്‍ ഇഷാന്ത് 10 രണ്‍സ് നേടി. എന്നാല്‍ 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ ലക്ഷ്യം മറികടന്നു.