ദില്ലി: ഐപിഎല്‍ തുടങ്ങും മുമ്പെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ പരസ്പരം പോരടിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ കോലാപൂരിന് സമീപം കുരുണ്ഡ്‌വാഡില്‍ ഫ്ലെക്സ് വെച്ചതിന്റെ പേരില്‍ ധോണിയുടെയും രോഹിത്തിന്റെയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടത്തിയത്.


ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രദേശത്ത് വലിയ ഹോര്‍ഡിംഗ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഹിത്തിന് ഖേല്‍രത്ന പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഇതിന് സമീപം രോഹിത്തിന്റെ ആരാധകരും അദ്ദേഹത്തെ അഭിന്ദിച്ച് കൂറ്റന്‍ ഹോര്‍ഡിംഗ് വെച്ചു.

എന്നാല്‍ രോഹിത്തിന്റെ ഹോര്‍ഡിംഗ് ആരോ നശിപ്പിചതിനെത്തുടര്‍ന്നാണ് ആരാധകര്‍ പരസ്പരം ചേരി തിരിഞ്ഞ് അടികൂടിയത്. ആരാധകരിലൊരാളെ ഒരു വിഭാഗം കരിമ്പ് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ആരാധകര്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തയോട് രൂക്ഷമായാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്.

ഭ്രാന്ത് പിടിച്ചവരെ, നിങ്ങളെന്താണ് ചെയ്യുന്നത്, കളിക്കാര്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടാവും. ഇനി അങ്ങനെ ഇല്ലെങ്കില്‍ അവര്‍ ഒന്നും മിണ്ടാതെ അവരവരുടെ ജോലി ചെയ്ത് പോവുന്നവരുണ്ടാകും. എന്നാല്‍ ചില ആരാധകരാകട്ടെ വേറെ ഏതോ തലത്തില്‍ ഭ്രാന്തന്‍മാരാണ്. നിങ്ങള്‍ പരസ്പരം അടികൂടാതിരിക്കു. ടീം ഇന്ത്യ ഒന്നാണെന്ന് എങ്കിലും ഓര്‍ക്കു-സെവാഗ് ട്വീറ്റ് ചെയ്തു.