ബിഹാർ-ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നായി ഇത്തവണ ഏകദേശം 20,000 കോടി രൂപയാണ് ആദായ നികുതിയായി സർക്കാർ സമാഹരിച്ചത്.
റാഞ്ചി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനിങ്ങുമോ എന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ ബിഹാർ - ജാർഖണ്ഡ് മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ചയാളായി മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബിഹാർ-ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നായി ഇത്തവണ ഏകദേശം 20,000 കോടി രൂപയാണ് ആദായ നികുതിയായി സർക്കാർ സമാഹരിച്ചത്. ഇതിൽ 12,000 കോടി രൂപയും ജാർഖണ്ഡിൽ നിന്നാണ്. ധോണി ആദായനികുതിയായി അടച്ച തുക എത്രയെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മേഖലയിലെ വ്യക്തിഗത നികുതിദായകരുടെ പട്ടികയിൽ അദ്ദേഹം ഒന്നാമതാണെന്ന് അധികൃതർ വ്യക്തമാക്കി.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും പരസ്യങ്ങൾ, വിവിധ ബിസിനസ് സംരംഭങ്ങൾ, വൻതോതിലുള്ള നിക്ഷേപങ്ങൾ എന്നിവയിലൂടെ വലിയ വരുമാനമാണ് ധോണി നേടുന്നത്. വർഷങ്ങളായി ഇന്ത്യയിലെ മുൻനിര സെലിബ്രിറ്റി നികുതിദായകരിൽ ഒരാളാണ് അദ്ദേഹം. വ്യക്തിഗത നികുതിയിൽ ധോണി തിളങ്ങിയപ്പോൾ, കോർപ്പറേറ്റ് മേഖലയിൽ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ്, ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് വലിയ തുക നികുതിയായി നൽകിയത്. ജാർഖണ്ഡിലെ ഖനന-വ്യവസായ മേഖലയുടെ കരുത്താണ് നികുതി വരുമാനത്തിൽ പ്രതിഫലിക്കുന്നത്.
ബിഹാറിലും ജാർഖണ്ഡിലുമായി ഏകദേശം 5.5 കോടി പാൻ കാർഡ് ഉടമകളുണ്ടെങ്കിലും വെറും 40 ലക്ഷം പേർ മാത്രമാണ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത്. നികുതിദായകരുടെ എണ്ണം വർദ്ധിപ്പിക്കാൻ വലിയ സാധ്യതയുണ്ടെന്ന് വകുപ്പ് പറയുന്നു. 1961-ലെ ആദായനികുതി നിയമത്തിന് പകരമായി 'ആദായനികുതി നിയമം 2025' നിലവിൽ വരാൻ പോവുകയാണ്. നികുതി അടവ് നടപടികൾ കൂടുതൽ ലളിതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ആകെ പിരിച്ചെടുത്ത നികുതിയുടെ 70 ശതമാനവും സ്രോതസ്സിൽ നിന്നുള്ള നികുതി (ടിഡിഎസ്) വഴിയാണ് ലഭിച്ചത്.
