ദില്ലി: ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഓണററി ലഫ്റ്റനന്‍റ് കേണലുമായ എം എസ് ധോണിക്ക് അനുമതി. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ധോണിക്ക് അനുമതി നല്‍കിയത്. 

മറ്റ് സൈനികര്‍ക്കൊപ്പം കശ്‌മീരിലായിരിക്കും ധോണിയുടെ പരിശീലനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ധോണി അംഗമായ ബെംഗളൂരു ആസ്ഥാനമായ ബറ്റാലിയന്‍ ഇപ്പോള്‍ കശ്‌മീരിലാണുള്ളതെന്നും ആര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്. കേണലായ ധോണി സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ രണ്ട് മാസത്തെ വിശ്രമം ഇന്ത്യന്‍ ടീം സെലക്‌ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കുകയും ചെയ്തു.