ഒരൊറ്റ ഇന്നിങ്സുകൊണ്ട് സൂര്യയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്താൻ കഴിയുമോയെന്ന് ചോദിച്ചാല്‍, കഴിയുമെന്ന് തന്നെയാണ് ഉത്തരം. 37 പന്തില്‍ 82 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 220
23 ഇന്നിങ്സ്, 468 ദിവസം.
ജേക്കബ് ഡഫിയുടെ ഫുള്‍ ലെങ്ത് വൈഡ് ഡെലിവറി കവറിലേക്ക് ഡ്രൈവ് ചെയ്തൊരു സിംഗിള്‍. നോണ്‍ സ്ട്രൈക്കര്‍ എൻഡിലേക്ക് മെല്ലെ നടന്ന് ആ സിംഗിള്‍ പൂര്‍ത്തിയാക്കി. റായ്‌പൂരിലെ ഗ്യാലറി കരഘോഷം മുഴക്കുമ്പോള്‍ പതിയെ വാനിലേക്ക് ബാറ്റുയര്‍ന്നു, പിന്നാലെ മൈതാനം തൊട്ടുവണങ്ങി.
അത്തരമൊരു നിമിഷം ക്രിക്കറ്റ് ലോകം കണ്ടിട്ട് ഒന്നേകാല്‍ വര്‍ഷത്തോളം താണ്ടിയിരിക്കുന്നു. Finally Indian skipper Suryakumar Yadav scored a fifty and we can say, he is truly back in form!
ഒരൊറ്റ ഇന്നിങ്സുകൊണ്ട് സൂര്യയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്താൻ കഴിയുമോയെന്ന് ചോദിച്ചാല്‍, കഴിയുമെന്ന് തന്നെയാണ് ഉത്തരം. 37 പന്തില്‍ 82 റണ്‍സ് കുറിച്ച ആ ഇന്നിങ്സിന്റെ വാഗണ്‍ വീലിലേക്ക് ഒന്ന് നോക്കിയാല്‍, എന്തുകൊണ്ട് സൂര്യയെ മിസ്റ്റർ 360 ഡിഗ്രി എന്ന് വിളിക്കുന്നതെന്ന് അറിയാനാകും. സ്ട്രെയിറ്റ്, കവർ ഡ്രൈവുകള്‍, സ്വീപ്പ് ഷോട്ടുകള്‍, അപ്പർ കട്ട്, ഫ്ലിക്ക്...പിന്നെ സൂര്യയുടെ ട്രേഡ് മാർക്ക് സുപ്ല ഷോട്ട്. റായ്‌പൂരിലെ മൈതാനത്തിന്റെ എല്ലാ കോണുകളിലേക്ക് പന്ത് ആ ബാറ്റില്‍ നിന്ന് പാഞ്ഞു.
ക്രീസിലേക്ക് എത്തുമ്പോള്‍ അനുകൂലമായിരുന്നില്ല കാര്യങ്ങള്‍, പക്ഷേ ഒരുങ്ങിയത് അവസരമായിരുന്നു. ഇഷാൻ കിഷൻ തന്റെ കാർണേജ് തുടരുമ്പോള്‍ സൂര്യയെന്ന നായകനെയായിരുന്നു അവിടെ കണ്ടത്. ഇഷാന് സ്കോറിങ്ങിനുള്ള എല്ലാ അവസരങ്ങളും അയാള്‍ വിട്ടു നല്‍കി. പവർപ്ലേയുടെ മുൻതൂക്കമുള്ള സമയങ്ങളില്‍ പോലും നോണ്‍ സ്ട്രൈക്കർ എൻഡ് തിരഞ്ഞെടുത്തു. ആദ്യം നേരിട്ട പത്ത് പന്തില്‍ നേടിയത് പത്ത് റണ്‍സ് മാത്രം.
സാക്ക് ഫോക്‌സ് എറിഞ്ഞ ഒൻപതാം ഓവറാണ് സൂര്യയുടെ ഇന്നിങ്സിന്റെ ഗതി മാറ്റിയത്. ആദ്യ പന്തിലൊരു കട്ട് ഷോട്ട്, രണ്ടാം പന്തില്‍ അപ്പർ കട്ട്, മൂന്നാം പന്തില്‍ ഔട്ട് സൈഡ് എഡ്ജില്‍ നിന്ന് മറ്റൊരു ബൗണ്ടറി, ടൈമിങ്ങും ക്ലാസും ചേര്‍ന്ന കവര്‍ ഡ്രൈവ് പിന്നാലെ, ശേഷം ഫൈൻ ലെഗിന് മുകളിലൂടെ ഹുക്ക് ഷോട്ടിലൂടെ സിക്‌സ്. ഡബിള്‍ നേടി ഓവര്‍ അവസാനിക്കുമ്പോള്‍ സ്വന്തം പേരിലേക്ക് 24 റണ്‍സ് ആറ് പന്തില്‍ ചേര്‍ത്തും വലം കയ്യൻ ബാറ്റര്‍. ഇഷാൻ കിഷനൊപ്പം 122 റണ്‍സിന്റെ കൂട്ടുകെട്ട്.
23 ഇന്നിങ്സുകളിലെ അര്‍ദ്ധ സെഞ്ചുറി വരള്‍ച്ച, നേരിട്ട 23-ാം പന്തില്‍ അവസാനിപ്പിക്കുമ്പോള്‍ സ്ട്രൈക്ക് റേറ്റ് ഇരുനൂറിന് മുകളിലായിരുന്നു. കമന്റി ബോക്‌സിലിരുന്ന് സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞു. Something that he needed, team needed. The Indian Cricket fans needed. യെസ്, ട്വന്റി 20 ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആസ്വദിച്ച മറ്റൊരു ദിവസം സമീപകാലത്തുണ്ടായിട്ടില്ല. അർദ്ധ സെഞ്ചുറിക്ക് ശേഷവും സൂര്യ തുടർന്നു തന്റെ തനതുശൈലി.
മാറ്റ് ഹെൻറി എറിഞ്ഞ 13-ാം ഓവറിലായിരുന്നു ആ നിമിഷം. സൂര്യയെ സൂര്യയാക്കി മാറ്റിയ സുപ്ല ഷോട്ടിന്റെ വരവ്. ഹെൻറിയുടെ ലെങ്ത് ബോള്‍ ചുവടുമാറി ഫൈൻ ലെഗിന് മുകളിലൂടെ കോരിയിട്ടു സൂര്യ. ഒരു പുഞ്ചിരിയോടെ മാത്രം ആ ഷോട്ടിനെ നോക്കി നില്‍ക്കുന്ന ഹെൻറിയെയായിരുന്നു സ്ക്രീനില്‍ കണ്ടത്. അറിയാലോ സൂര്യ ഫോമിലായാല്‍, സ്കൈ ഈസ് ദ ലിമിറ്റ്.
ന്യൂസിലൻഡ് സ്കോറിനൊപ്പമെത്തിച്ചടത്ത് തന്റെ റോള്‍ സൂര്യ അവസാനിപ്പിച്ചു. 82 റണ്‍സ് കുറിച്ച ഇന്നിങ്സില്‍ ഒൻപത് ഫോറും നാല് സിക്‌സും ഉള്‍പ്പെട്ടു. സ്ട്രൈക്ക് റേറ്റ് 221 ആയിരുന്നു മൈതാനം വിടുമ്പോള്‍.
മോശം ഫോമില്‍ നിരന്തരം തുടരുമ്പോള്‍ തന്റെ ബാറ്റിങ്ങിലെ ആത്മവിശ്വാസം തെല്ലും ചോരാത്ത സൂര്യയെ ആയിരുന്നു കണ്ടത്. ഒരിക്കല്‍പ്പോലും താൻ ഔട്ട് ഫോം ആണെന്ന് അയാള്‍ സമ്മതിച്ചില്ല, ഔട്ട് ഓഫ് റണ്‍സ് എന്നായിരുന്നു സൂര്യ ഉപയോഗിച്ച പ്രയോഗം പോലും. ഒടുവില്‍, സൂര്യയുടെ വാക്കുകളെ ശരിവെക്കേണ്ടതായി വന്നിരിക്കുന്നു. റണ്ണൊഴുകുന്ന കാലം തിരിച്ചെത്തിയിരിക്കുന്നു, ഏറ്റവും അനിവാര്യമായ സമയത്തുതന്നെ. സ്കൈ ഈസ് കമിങ് ഫോര്‍ വേള്‍ഡ് കപ്പ്.


