ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കളിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിശ് നെഹ്‌റ. ധോണി ടീം ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ചെന്ന് നെഹ്‌റ പറഞ്ഞു.  നീല ജഴ്‌സിയില്‍ ധോണി ഇനി കളിക്കുന്നത് കാണാന്‍ സാധ്യതയില്ലെന്നും നെഹ്‌റ വ്യക്തമാക്കി. അതേസമയം ഐപിഎല്ലിലെ ഫോം പരിഗണിക്കാതെ ടീം ഇന്ത്യയില്‍ കളിക്കുന്നത് പരിഗണിച്ചാല്‍ തന്റെ പട്ടികയില്‍ അദ്ദേഹമുണ്ടാകുമെന്നും നെഹ്‌റ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നടത്തിയ ചാറ്റ് ഷോയിലാണ് നെഹ്‌റയുടെ അഭിപ്രായ പ്രകടനം. 

'ധോണിയെക്കുറിച്ചുള്ള എന്റെ അറിവില്‍ അദ്ദേഹം ഇന്ത്യക്കുവേണ്ടിയുള്ള അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. ധോണിക്ക് ഇനി തെളിയിക്കാനൊന്നുമില്ല. എന്തുകൊണ്ടാണ് തന്റെ വിരമിക്കല്‍ ധോണി പ്രഖ്യാപിക്കാത്തതെന്നാണ് നമ്മളും മാധ്യമങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ മനസ്സിലെന്താണെന്ന് അയാള്‍ക്കു മാത്രമേ പറയാനാകൂ. എന്റെ അഭിപ്രായത്തില്‍ ധോണിയുടെ കരിയറിന് ഈ ഐ പി എല്ലുമായി ബന്ധമൊന്നുമില്ല. അദ്ദേഹം കളിക്കാന്‍ തയ്യാറായാല്‍ എന്റെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പാണ്'-നെഹ്‌റ പറഞ്ഞു. 

38 വയസ്സായ ധോണി 2019 ജൂലായിലാണ് ഇന്ത്യക്കായി അവസാന മത്സരം കളിച്ചത്. ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ധോണി അവസാനം കളിച്ച മത്സരം. ഈ വര്‍ഷത്തെ ഐപിഎല്ലിനായി തയ്യാറെടുക്കെയാണ് കൊവിഡ് പ്രശ്‌നങ്ങള്‍ രൂക്ഷമായതും ടൂര്‍ണമെന്റ് മാറ്റിവെച്ചതും. ലോകകപ്പ് സെമിഫൈനലില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ധോണിയുടെ റണ്‍ ഔട്ടാണ് മത്സരം ന്യൂസിലാന്‍ഡിന് അനുകൂലമായത്.