ഈ ഐപിഎല്ലോടെ വിരമിക്കുമെന്ന് കരുതുന്ന ധോണിയെ പോലും ബഹുമാനിക്കാതെ ഐപിഎല്‍ കിരീടം നേടിയതുപോലെ ചെന്നൈക്കെതിരായ വിജയം ആഘോഷിച്ച ആര്‍സിബി താരങ്ങള്‍ക്കെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തി.
ബെംഗലൂരു: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ടീം അംഗങ്ങള്‍ വിജയം ആഘോഷിച്ചത് കിരീടം നേടിയ ആവേശത്തില്‍. ചെന്നൈയെ വീഴ്ത്തിയശേഷം ഗ്രൗണ്ടിന് ചുറ്റും നടന്ന് ആരാധകര്‍ക്ക് നന്ദിപറയാന്‍ ആര്‍സിബി താരങ്ങള്‍ പോയതോടെ മത്സരശേഷമുള്ള പതിവു ഹസ്തദാനത്തിനായി എം എസ് ധോണി അടക്കമുള്ള ചെന്നൈ താരങ്ങള്‍ ആര്‍സിബി താരങ്ങളെ കാത്തു നിന്ന് മടുത്തു.
ആര്‍സിബി താരങ്ങള്‍ ഗ്രൗണ്ടിന് ചുറ്റും ഓടിനടന്ന് ആരാധകരോട് നന്ദി പറയുന്നതിനിടെ കാത്തു നിന്ന് മടുത്ത ധോണി ഹസ്തദാനത്തിന് നില്‍ക്കാതെ ഡഗ് ഔട്ടിലേക്ക് തിരിച്ചു നടന്നു. നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ള താരങ്ങള്‍ അഞ്ച് മിനിറ്റോളം ഗ്രൗണ്ടില്‍ കാത്തുനിന്ന ശേഷമാണ് ആര്‍സിബി താരങ്ങള്‍ എത്തിയത്. ഇതിനിടെ ഡഗ് ഔട്ടിലേക്ക് നടന്ന ധോണി അവിടെയുണ്ടായിരുന്ന ആര്‍സിബി സപ്പോര്‍ട്ട് സ്റ്റാഫിന് ഹസ്തദാനം നടത്തി.
ഈ ഐപിഎല്ലോടെ വിരമിക്കുമെന്ന് കരുതുന്ന ധോണിയെ പോലും ബഹുമാനിക്കാതെ ഐപിഎല്‍ കിരീടം നേടിയതുപോലെ ചെന്നൈക്കെതിരായ വിജയം ആഘോഷിച്ച ആര്‍ സി ബി താരങ്ങള്‍ക്കെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തുകയും ചെയ്തു. ഇനി ഒരിക്കല്‍ കൂ ടി ഐപിഎല്ലില്‍ കളിക്കണമെന്ന് പറയരുതെന്നും അതിന് കഴിയില്ലെന്നും മത്സരശേഷം ധോണി വ്യക്തമാക്കിയിരുന്നു. കളിക്കുശേഷം നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ മുൻ സി എസ് കെ താരമായ അംബാട്ടി റായുഡു പറഞ്ഞത് ആര്‍സിബി ആരാധകരുടെ ആവേശം കാണുമ്പോള്‍ അവര്‍ ഇത്തവണ കപ്പ് എടുക്കണമെന്നും കഴിഞ്ഞില്ലെങ്കില്‍ ചെന്നൈ തങ്ങളുടെ അഞ്ച് കിരീടങ്ങളൊന്ന് ആര്‍സിബിക്ക് സമ്മാനമായി നല്‍കണമെന്നും ആയിരുന്നു.
