ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ റാഞ്ചിയില്‍ ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം.

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരെ പരമ്പര ജയത്തിനായി ഇന്ത്യയിറങ്ങുമ്പോള്‍ റാഞ്ചിയില്‍ ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,000 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ധോണിക്ക് 33 റണ്‍സ് കൂടി മതി. ഇന്ത്യക്കായും ഏഷ്യ ഇലവനായും കളിച്ചിട്ടുള്ള ധോണിയുടെ അക്കൗണ്ടില്‍ 16,967 റണ്‍സാണുള്ളത്. 528 മത്സരങ്ങളില്‍ നിന്ന് 45 ശരാശരിയിലാണ് ധോണി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 

ടെസ്റ്റില്‍ 4,876 റണ്‍സും ഏകദിനത്തില്‍ 10,474 റണ്‍സും ടി20യില്‍ 1,617 റണ്‍സുമാണ് ധോണിക്കുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(34,357) രാഹുല്‍ ദ്രാവിഡ്(24,208) വിരാട് കോലി(19,453), സൗരവ് ഗാംഗുലി(18,575), വീരേന്ദര്‍ സെവാഗ്(17,253) എന്നിവരാണ് ഈ നാഴികക്കല്ല് പിന്നിട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 

അടുത്ത ‍വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കോലിപ്പട പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം മത്സരം എട്ട് റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഏകദിനത്തില്‍ 59 റണ്‍സെടുത്ത ധോണി നാഗ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ പൂജ്യത്തില്‍ പുറത്തായിരുന്നു.