റാഞ്ചി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല എംഎസ്‌ഡി. എന്നാല്‍ ധോണി വിരമിക്കില്ലെന്നും ഉടന്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയിലുമായിരുന്നു 'തല' ആരാധകര്‍.

രണ്ട് മാസത്തെ അവധി നീണ്ട ഇടവേളയായപ്പോള്‍

ലോകകപ്പിന് ശേഷം രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നാണ് ധോണി വ്യക്തമാക്കിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ അവധി. ഇതോടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയിലും ധോണിയെ കാണാതായതോടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു. ബംഗ്ലാദേശിനെതിരെ ടി20യിലും മഹിയെ ആരാധകര്‍ കണ്ടില്ല. 

ആരാധകരെ പ്രതീക്ഷയിലാക്കി വീഡിയോ...എന്നാല്‍

റാഞ്ചിയില്‍ ധോണി പ്രാക്‌ടീസ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശ്വാസത്തിലായി. ഇതോടെ ധോണി ഉടന്‍ ദേശീയ ടീമില്‍ മടങ്ങിയെത്തും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ആരാധകരെ സങ്കടത്തിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിസംബര്‍ ആറിന് മുംബൈയില്‍ വിന്‍ഡീസിന് എതിരെ ആരംഭിക്കുന്ന പരമ്പരയില്‍ ധോണി കളിക്കില്ലെന്ന് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.