മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ ടീമില്‍ ധോണിയുടെ ഭാവി ചോദ്യചിഹ്നമായിരിക്കുകയാണ്. ധോണി വിരമിക്കാറായോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നു സുനില്‍ ഗാവസ്‌‌കര്‍.

ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തണോ എന്ന ചോദ്യത്തിന് ഗാവസ്‌കറുടെ പ്രതികരണമിങ്ങനെ. 'വേണ്ട, ധോണിക്കപ്പുറം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എം എസ് ധോണിക്ക് എന്‍റെ ടീമില്‍ ഇടമില്ല. ടി20 ലോകകപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി ഋഷഭ് പന്ത് വരട്ടെ. മറ്റൊരു താരത്തെ പരിഗണിക്കണമെങ്കില്‍ സഞ്ജു സാംസണ്‍ വരട്ടെ. സഞ്ജു മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്സ്‌മാനുമാണ്.

ടി20 ലോകകപ്പില്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കണം എന്നാണ് അഭിപ്രായം. ഇന്ത്യന്‍ ക്രിക്കറ്റിന് വമ്പന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ധോണി. എന്നാല്‍ ഇപ്പോള്‍ ധോണിക്ക് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. ടീമില്‍ നിന്ന് പുറത്താക്കാന്‍ അവസരം നല്‍കാതെ ധോണി സ്വയം വിരമിക്കുകയാണ് വേണ്ടത്. ലോകകപ്പിന് മുന്‍പ് പന്തിന്‍റെ ബാറ്റിംഗ് പൊസിഷന്‍റെ കാര്യത്തില്‍ തീരുമാനമാകണം' എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.