മുംബൈ: സൈനിക യൂണിഫോമിട്ട് എം എസ് ധോണി പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. കഭീ കഭീ എന്ന ചിത്രത്തിലെ ഗാനമാണ് ധോണി സൈനികര്‍ക്ക് മുമ്പില്‍ ആലപിച്ചത്. പാട്ടു പാടുന്ന ധോണിയുടെ വീഡ‍ിയോ ആരാധകര്‍ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ ഈ വീഡിയോ ധോണി ഇപ്പോള്‍ പാടിയതല്ല എന്നതാണ് വസ്തുത. 2014ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആജ് തക് ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ധോണി പാടിയ പാട്ടാണ് ഇപ്പോഴത്തേത് എന്ന രീതിയില്‍ പ്രചരിച്ചത്.

ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണി കശ്മീര്‍ താഴ്‌വരയില്‍ പാരാച്യൂട്ട് റെജിമെന്റിനൊപ്പം സേവനം അനുഷ്ഠിക്കുയാണിപ്പോള്‍. സൈനികര്‍ക്കൊപ്പം ധോണി വോളിബോള്‍ കളിക്കുന്നതിന്റെയും സ്വന്തം ഷൂ പോളിഷ് ചെയ്യുന്നതിന്റെയും വീഡിയോകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.