Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി സിഎസ്‌കെ; ധോണിയും റെയ്‌നയും വീണ്ടും ഒന്നിക്കുന്നു

ആദ്യ ദിവസം മുതല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈയ്ക്ക് പ്ലേ ഓഫിലും ഇടംപിടിക്കാനായില്ല. 

 

MS Dhoni to kickstart IPL 2021 preparations this month
Author
Chennai, First Published Mar 2, 2021, 12:43 PM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈമാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ് ക്യാംപ് ആരംഭിക്കുക. ആദ്യ ദിവസം മുതല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈയ്ക്ക് പ്ലേ ഓഫിലും ഇടംപിടിക്കാനായില്ല. 

കഴിഞ്ഞ സീസണിലെ ഒട്ടുമിക്ക താരങ്ങളേയും നിലനിര്‍ത്തിയ സിഎസ്‌കെ റോബിന്‍ ഉത്തപ്പ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പുജാര തുടങ്ങിയവരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ സീസണില്‍ ടീം വിട്ടുപോയ സുരേഷ് റെയ്‌നയും തിരിച്ചെത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന ഉത്തപ്പ തകര്‍പ്പന്‍ ഫോമിലാണെന്നുള്ളതാണ് ചെന്നൈയുടെ ഒരാശ്വാസം. 

വിജയ് ഹസാരെ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങള്‍ പരിശീലനം ആരംഭിച്ച ശേഷമാണ് ടീമിനൊപ്പമെത്തുക. ധോണിക്കൊപ്പം റെയ്‌നയും ആദ്യ ദിവസം തന്നെ ക്യാംപിലുണ്ടാവും. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് റെയ്‌ന സീസണില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ അദ്ദേഹം ടീം മാനേജ്‌മെന്റുമായി പിണങ്ങിയാണ് ടീം വിട്ടതെന്ന വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ വേദികളുടെ കാര്യത്തിലുള്ള തര്‍ക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആറ് വേദികളിലായി നടത്താനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ അതൃപ്തിയുമായി ടീമുകളെത്തിയുരുന്നു. ഇക്കാര്യം ടീമുകള്‍ ബിസിസിഐയെ രേഖാമൂലം അറിയിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ ആറ് നഗരങ്ങളില്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന.

Follow Us:
Download App:
  • android
  • ios