സെന്‍റ് ലൂസിയ: വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നതായും ബോര്‍ഡ് അനുവദിച്ചാല്‍ അടുത്ത ടി20 ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിന്‍ഡീസ് മുന്‍ നായകന്‍ ഡ്വെയ്‌ന്‍ ബ്രാവോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ബ്രാവോ സഹതാരവും ഇന്ത്യന്‍ മുന്‍ നായകനുമായ എം എസ് ധോണിയും ലോകകപ്പിനുണ്ടാകും എന്നും അഭിപ്രായപ്പെട്ടു. 

'ധോണി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ധോണി ടി20 ലോകകപ്പിനുണ്ടാകും എന്നാണ് കരുതുന്നത്. ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങള്‍ ധോണിയെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. അതുതന്നെയാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും. ഒരിക്കലും പരിഭ്രാന്തരാകരുതെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നുമാണ് ധോണി ഞങ്ങളോട് പറഞ്ഞിട്ടുള്ളത്' എന്നും ബ്രാവോ പറഞ്ഞു.

 

എംഎസ്‌ഡിയുടെ വിരമിക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ബ്രാവോയുടെ പ്രതികരണം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല ധോണി. അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ കളിക്കുമോ എന്ന് കാര്യം ഇപ്പോള്‍ വ്യക്തമല്ല. ടീമില്‍ ധോണിയുടെ ഭാവി സംബന്ധിച്ച് താരത്തിനും ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ടെന്ന് ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

'വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്താന്‍ ആഗ്രിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും ബ്രാവോ സംസാരിച്ചു. ശാരീരികമായി ഇപ്പോഴും ഫിറ്റാണ്, അതിനാല്‍ ടീമിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും. മൈതാനത്തിന് പുറത്തുള്ള രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് ഞാന്‍ രാജിവെച്ചത്. മൈതാനത്തും ബോര്‍ഡിലും മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. പ്രതിഭാസമ്പന്നമായ യുവനിരയാണ് ടീമിനുള്ളത്. ആന്ദ്രേ റസലിനെയും സുനില്‍ നരെയ്‌നെയും പോലുള്ള സീനിയര്‍ താരങ്ങളുടെ കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ വീണ്ടും വിന്‍ഡീസ് ലോകോത്തര ടീമാകാനാകും. 

എങ്ങനെ താരങ്ങളെ പ്രചോദിപ്പിക്കണമെന്ന് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനറിയാം. യുവതാരങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കുമെന്നാണ് പൊള്ളാര്‍ഡും സിമ്മന്‍സും ഉറപ്പുനല്‍കിയിരിക്കുന്നത്. ഭയമില്ലാതെ കളിച്ച് മുന്നേറുകയാണ് വേണ്ടത്. അതിനായി യുവ പേസര്‍മാരെയും ഊര്‍ജസ്വലരായ ബാറ്റ്‌സ്‌മാന്‍മാരെയും മെരുക്കിയെടുക്കുകയാണ് വേണ്ടതെന്നും' ഡ്വെയ്‌ന്‍ ബ്രാവോ പറഞ്ഞു.