മുംബൈ: എം. എസ്. ധോണി ഉടൻ വിരമിക്കില്ലെന്ന് സൂചന. ഋഷഭ് പന്ത് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതുവരെ ധോണിയെ ടീമിൽ നിലനി‍ർത്താനാണ് ബിസിസിഐയുടെ തീരുമാനം. ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ തോറ്റതോടെ എല്ലാ കണ്ണുകളും എം എസ് ധോണിയിലേക്കായിരുന്നു. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ധോണി വിരമിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ ധോണി ടീമിനൊപ്പം തുടരുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്. ഋഷഭ് പന്ത് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതുവരെ ധോണിയെ ടീമിൽ നിലനിർത്താനാണ് ബിസിസിഐ തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പതിനഞ്ചംഗ ടീമില്‍ ധോണിയുണ്ടാവുമെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യ ചോയ്സായിരിക്കില്ല ധോണി.

അടുത്തമാസം നടക്കുന്ന വിൻഡീസ് പരമ്പരയിൽ ധോണി കളിക്കില്ല. ഇതിന് ശേഷം ധോണി ടീമിൽ തുടരും. യുവതാരങ്ങൾക്ക്  ധോണിയുടെ പരിചയസമ്പത്തും സാന്നിധ്യവും ഗുണംചെയ്യുമെന്നാണ് ബിസിസഐയുടെ വിലയിരുത്തൽ. ഇതേക്കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ചയാണ് വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.  ലോകകപ്പില്‍ തിളങ്ങാനായില്ലെങ്കിലും ദിനേശ് കാര്‍ത്തിക്കിന് വീണ്ടുമൊരു അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര
എന്നിവർക്ക് വിൻഡീസ് പര്യടനത്തിൽ വിശ്രമം നൽകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.