റാഞ്ചി: മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടാന്‍ നിങ്ങള്‍ക്ക് നാണമില്ലെ എന്നും സാക്ഷി ട്വിറ്ററില്‍ ചോദിച്ചു. ഉത്തരവാദിത്ത പത്രപ്രവര്‍ത്തനം അപ്രത്യക്ഷമായതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും സാക്ഷി പറഞ്ഞു. ധോണിക്കെതിരെ വന്ന ഏത് വാര്‍ത്തയോടാണ് സാക്ഷിയുടെ പ്രതികരണമെന്ന് വ്യക്തമല്ല. 

എന്നാല്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ക്രൌഡ് ഫണ്ടിംഗ് വെബ്സൈറ്റായ കീറ്റോ വഴിയാണ് പൂനെയിലെ സന്നദ്ധ സംഘടനയായ മുകുള്‍ മാധവ് ഫൌണ്ടേഷന് ധോണി ഒരു ലക്ഷം രൂപ നല്‍കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതാവാം സാക്ഷിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. 

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 12.5 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും ഇതിലേക്ക് ധോണി ഒരു ലക്ഷം രൂപ നല്‍കിയെന്നും വ്യക്തമാക്കി മുകുള്‍ മാധവ് ഫൌണ്ടേഷന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരത്തെ കൊവിഡ‍് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ബിസിസിഐ പ്രസിഡന്റ് കൂടിയായ മുന്‍ നായകന്‍ സൌരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയപ്പോള്‍ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫേസ് മാസ്ക് വിതരണം ചെയ്തിരുന്നു. 

കായികതാരങ്ങളായ ഹിമാ ദാസും ബജ്റംഗ് പൂനിയയും അവരുടെ ശമ്പളവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി. ഇതിനിടയിലാണ് ധോണി ഒരു ലക്ഷം രൂപ മാത്രം സംഭാവന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ വിമര്‍ശനമുയര്‍ന്നതാണ് സാക്ഷിയുടെ പ്രതികരണത്തിന് കാരണമെന്നാണ് സൂചന.