മുംബൈ: നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി. എല്ലാം ഉയരുന്നത് എം എസ് കെ പ്രസാദിന്റെ നേര്‍ക്കാണ്. പ്രസാദ് ഇന്ത്യക്ക് വേണ്ടി എത്ര തവണ കളിച്ചിട്ടുണ്ടെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇക്കാര്യം ചോദിച്ചില്ലെങ്കിലും, കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും പ്രസാദിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ, പരിചയസമ്പത്തിനെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് പ്രസാദ്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരിക്കണം എന്നത് മാത്രമാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഇരിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട യോഗ്യതയെന്ന് പ്രസാദ് മറുപടി നല്‍കി. അദ്ദേഹം തുടര്‍ന്നു... '' ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഇരിക്കുന്നവര്‍ വ്യത്യസ്ത ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനെ കൂടാതെ 477 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരുംകൂടെ കളിച്ചിട്ടുണ്ട്. അത് മതിയാവില്ലേ ടീം തെരഞ്ഞെടുക്കാന്‍..?

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായ എഡ് സ്മിത്ത് ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ട്രവര്‍ ഹോണ്‍സ് ഏഴ് ടെസ്റ്റ് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ളൂ. അദ്ദേഹം പത്ത് വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചുമതലയില്‍ ഇരിക്കുന്നുണ്ട്. എന്താണ് ആ രാജ്യങ്ങളിലൊന്നും അവര്‍ക്കെതിരെ ചോദ്യമുയരാത്തത്.'' പ്രസാദ് പറഞ്ഞു നിര്‍ത്തി.