സൂര്യകുമാര്‍ യാദവ് ടീമിലുണ്ട്, സഞ്ജു സാംസണും സൂര്യകുമാറും തമ്മില്‍ മത്സരമില്ല എന്ന് മുന്‍ താരം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് ഓപ്പണറായി ഇറങ്ങാന്‍ കഴിയുമെന്ന് മുന്‍ ചീഫ് സെലക്‌ടര്‍ എം എസ് കെ പ്രസാദ്. സൂര്യകുമാര്‍ യാദവ് മധ്യനിര താരമായി തുടരുമ്പോള്‍ സ‍ഞ്ജുവിന് ആവശ്യമെങ്കില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാം എന്നാണ് പ്രസാദിന്‍റെ അഭിപ്രായം. പ്ലേയിംഗ് ഇലവനിലേക്ക് സഞ്ജുവും വിക്കറ്റ് കീപ്പറും തമ്മിലായിരിക്കും പോരാട്ടം എന്നും അദേഹം വ്യക്തമാക്കി. 

'സൂര്യകുമാര്‍ യാദവ് ടീമിലുണ്ട്. സഞ്ജു സാംസണും സൂര്യകുമാറും തമ്മില്‍ മത്സരമില്ല. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. സൂര്യ നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. രോഹിത് ശര്‍മ്മയ്ക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണര്‍ ചെയ്യില്ല എന്ന് നമുക്ക് പറയാനാവില്ല. അതിനാല്‍ സഞ്ജുവും സൂര്യകുമാറും തമ്മില്‍ പ്ലേയിംഗ് ഇലവനിലേക്ക് മത്സരമില്ല. സഞ്ജുവും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററും തമ്മിലാണ് പോരാട്ടം വരിക' എന്നും എം എസ് കെ പ്രസാദ് പറഞ്ഞു. എന്നാല്‍ ടീമില്‍ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും റുതുരാജ് ഗെയ്‌ക്‌വാദുമുള്ളതിനാല്‍ സഞ്ജുവിനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യത കുറവാണ്. 

ഇരുപത്തിയെട്ടുകാരനായ സഞ്ജു സാംസണ്‍ 11 ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. 66 ശരാശരിയില്‍ 330 റണ്‍സാണ് സമ്പാദ്യം. 2015ല്‍ സിംബാബ്‌വെക്കെതിരെ ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ടി20യിലൂടെ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് പിന്നീട് അവസരത്തിനായി കാത്തിരിക്കേണ്ടിവന്നു. 

ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

Read more: അടി തുടങ്ങിയിട്ടേയുള്ളൂ; ടീം സെലക്ഷന് പിന്നാലെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം