മുംബൈ: 1999 ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തായതിനെ ചൊല്ലി വീണ്ടും വിവാദം. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സച്ചിന്റെ തോളിലിടിച്ച പന്ത് ക്യാച്ചെടുക്കുകയും തുടര്‍ന്ന് ഓസീസ് താരങ്ങളുടെ അപ്പീല്‍ പരിഗണിച്ച അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഡാരില്‍ ഹാര്‍പറായിരുന്നു അന്ന് അംപയര്‍. തീരുമാനം ശരിയായിരുന്നുവെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഹാര്‍പര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. മാത്രമല്ല, ആ ഔട്ട് സച്ചിന്‍ തന്നെ അംഗീകരിച്ചതായി മുന്‍ ചീഫ് സിലക്ടര്‍ എം എസ് കെ. പ്രസാദ് തന്നോട് വെളിപ്പെടുത്തിയതായും ഹാര്‍പര്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രസാദ്. സച്ചിന്‍ അംഗീരിച്ചുവെന്നുള്ള കാര്യം ഞാന്‍ ഹാര്‍പറോട് പറഞ്ഞിട്ടിലെന്ന് പ്രസാദ് പറഞ്ഞു. അദ്ദേഹം തെറ്റിദ്ധരിച്ചതാവാമെന്നാണ് പ്രസാദിന്റെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്റ്റരായിരിക്കെ ഹാര്‍പറിനെ നേരില്‍ക്കണ്ടിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ആ ഔട്ട് സച്ചിന്‍ അംഗീകരിച്ചതായി ഞാന്‍ പറഞ്ഞിട്ടില്ല. 

സച്ചിനെ ഔട്ട് വിളിച്ചാലും നോട്ടൗട്ട് വിളിച്ചാലും അദ്ദേഹം ആ തീരുമാനത്തെ ചോദ്യം ചെയ്യില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അംപയറിനെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയല്ല. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഇന്നും ഞങ്ങളുടെ ഓരോരുത്തരുടെയും മാതൃകയായി തുടരുന്നത്. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമായി വളര്‍ന്നതും അങ്ങനെതന്നെ.'' ഇത്രയും കാര്യങ്ങളാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.

അംപയര്‍ എന്തു തീരുമാനമെടുത്താലും സച്ചിന്‍ ചോദ്യം ചെയ്യില്ലെന്ന തന്റെ വാക്കുകളെ 'അന്നത്തെ ഔട്ട് സച്ചിനും അംഗീകരിച്ചിരുന്നു'വെന്ന് ഹാര്‍പര്‍ വ്യാഖ്യാനിച്ചതാകാമെന്നാണ്  പ്രസാദ് പറയുന്നത്. ഒരു ഭയവും കൂടാതെ അങ്ങനെയൊരു തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഹാര്‍പര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.