ഇന്‍ഡോര്‍: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് എന്നാണ് വിലയിരുത്തലുകള്‍. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും പുലര്‍ത്തുന്ന സ്ഥിരത തന്നെ ഇതിന് കാരണം. അധികം റണ്‍സ് വഴങ്ങാതെയാണ് ഈ വിക്കറ്റുകള്‍ നേടുന്നത് എന്നതും ബുമ്രയെ കൂടുതല്‍ അപകടകാരിയാക്കുന്നു. 

എന്നാല്‍ ബുമ്രയെക്കാള്‍ ബാറ്റ്സ്‌മാന്‍മാരെ വട്ടംകറക്കുന്ന മറ്റൊരു ഇന്ത്യന്‍ ബൗളറുണ്ട് എന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ജീനിയസ് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ പറയുന്നു. ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലെ സൂപ്പര്‍ പേസര്‍ എന്ന വിശേഷണമുള്ള മുഹമ്മദ് ഷമിക്കാണ് സ്റ്റെയ്‌ന്‍റെ പ്രശംസ. നിലവിലെ ഫോം പരിഗണിച്ചാല്‍ ഷമിയാണ് ഏറ്റവും മികച്ച ബൗളറെന്ന് ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സ്റ്റെയ്‌ന്‍ ട്വീറ്റ് ചെയ്തു. 

ഇന്‍ഡോര്‍ ടെസ്റ്റിലും രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങിയിരുന്നു ഷമി. 16 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ ഏഴ് ഓവര്‍ മെയ്‌ഡന്‍ അടക്കം 31 റണ്‍സ് മാത്രം നല്‍കി നാല് പേരെയാണ് ഷമി പുറത്താക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 13 ഓവറില്‍ അഞ്ച് മെയ്‌ഡന്‍ സഹിതം 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെയും ഷമി പുറത്താക്കിയിരുന്നു. ഇന്‍ഡോറില്‍ ഇന്നിംഗ്‌സിനും 130 റണ്‍സിനും ജയിച്ച് ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.