Asianet News MalayalamAsianet News Malayalam

ഐപിഎല്ലിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി; കളിക്കാരനുള്‍പ്പെടെ നിരവധിപേര്‍ക്ക് കൊവിഡ്

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈ ടീമിന്റെ തയാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ഉള്‍പ്പെടെ ദുബായിലെ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ഇന്ന് പരിശീലനത്തിന് ഇറങ്ങാനിരുന്നതായിരുന്നു

Multiple members of CSK contingent test positive for Covid-19
Author
Dubai - United Arab Emirates, First Published Aug 28, 2020, 5:54 PM IST

ദുബായ്: ഐപിഎല്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. ഒരു കളിക്കാരനുള്‍പ്പെടെ ചെന്നൈ സംഘത്തിലെ  പന്ത്രണ്ടോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഏകദിന-ടി20 ടീം അംഗമായ  വലംകയന്‍ മീഡിയം പേസര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഐപിഎല്‍ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ നല്‍കിയ റിപ്പോട്ടില്‍ പറയുന്നു. ഇതിന് പുറമെ ചെന്നൈ ടീം മാനേജ്മെന്റിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സോഷ്യല്‍ മീഡിയ ടീമിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച ബാക്കിയുള്ളവരെല്ലാം സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളാണെന്നാണ് സൂചന. ദുബായിലെത്തിയശേഷം നാലു തവണയാണ് ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയത്. ഇതില്‍ ഇന്നലെ നടത്തിയ കൊവിഡ‍് പരിശോധനയുടെ ഫലം ഇതുവരെ വന്നിട്ടില്ല. ഇതുകൂടി വരുമ്പോള്‍ കൂടുതല്‍ പേര്‍ കൊവിഡ് ബാധിതരാകാമെന്ന് ആശങ്കയുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചെന്നൈ ടീമിന്റെ ക്വാറന്റൈന്‍ കാലാവധി വീണ്ടും നീട്ടിയിട്ടുണ്ട്. ഇന്ന് പരിശീലനത്തിന് ഇറങ്ങാനിരുന്ന തീരുമാനം നേരത്തെ ചെന്നൈ അടുത്ത മാസം ഒന്നിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 21ന്  കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ദുബായില്‍ എത്തിയശേഷം ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിലാണ് നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈ ടീമിന്റെ തയാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ചെന്നൈ ഉള്‍പ്പെടെയുള്ള ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങാനിരുന്നതായിരുന്നു. ഇതിനിടെയാണ് ചെന്നൈ സംഘത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് മറ്റ് ടീമുകള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഐപിഎല്ലിന്റെ പതിമൂന്നാമത് എഡിഷന്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്. അടുത്ത മാസം 19നാണ് ഐപിഎല്‍ തുടങ്ങുക.

Follow Us:
Download App:
  • android
  • ios