ദുബായ്: ഐപിഎല്‍ കൊടിയേറ്റത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പരിശീലനത്തില്‍ സ്റ്റംപ് എറിഞ്ഞ് രണ്ട് കഷ്ണമാക്കി മുംബൈ ഇന്ത്യന്‍സ് ബോളര്‍. ന്യൂസിലാന്‍ഡ് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് സ്റ്റംപ് മുറിച്ചത്. ബോള്‍ട്ടിന്റെ ബൗളിംഗ് ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. പരിശീലകന്‍ മഹേല ജയവര്‍ധനയെ സാക്ഷിയാക്കിയായിരുന്നു ബോള്‍ട്ടിന്റെ ഞെട്ടിക്കല്‍.

ക്ലീന്‍ ബോള്‍ട്ട്, ട്രെന്റ് ഹാസ് എറൈവ്ഡ് എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ദില്ലി ക്യാപിറ്റലില്‍ നിന്നാണ് ബോള്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെത്തിയത്. നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സിക്‌സ് മൈതാനത്തിന് പുറത്തേക്കെത്തിയ ദൃശ്യങ്ങളും വൈറലായിരുന്നു. 19ന് അബുദാബിയില്‍ ചെന്നൈക്കെതിരെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നേരിടും. നാല് കിടീടങ്ങള്‍ ഷോകേസിലുള്ള മുംബൈ, യുഎഇയില്‍ നിന്നും കപ്പുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.