ഏപ്രില്‍ 12 വരെ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനം, 23ന് രാവണയുമ്പോള്‍ മൂന്നാം നമ്പറിലേക്കൊരു കുതിപ്പ്
Always felt that once everyone started clicking, it's going to be a complete domination!
ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു. തലസ്ഥാനഭൂമിയിലെ പുല്‍മൈതാനത്ത് 18-ാം ഓവര്‍ വരെ കണ്ടത് കൊടുങ്കാറ്റിന് മുൻപത്തെ ശാന്തത. ജസ്പ്രിത് ബുംറയുടെ എണ്ണം പറഞ്ഞ പന്തുകള്‍ ആ ശാന്തതയുടെ മറനീക്കി. അവരൊരു ഒരു കൊടുങ്കാറ്റായി പരിണമിക്കണമെങ്കില്‍ അയാളുടെ കാല്‍പാദം ക്രീസിലുറയ്ക്കണമായിരുന്നു. വാംഖഡെ സാക്ഷി, ഹിറ്റ്മാൻ അവതരിച്ചു. History says never write off the Mumbai Indians, and history repeats itself!
ഏപ്രില്‍ 12 വരെ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനം, 23ന് രാവണയുമ്പോള്‍ മൂന്നാം നമ്പറിലേക്കൊരു കുതിപ്പ്. സീസണിന്റെ തുടക്കത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മൈതാനങ്ങളില്‍ ജയത്തിന്റെ വക്കില്‍ കാലിടറുന്ന മുംബൈയെ കാണാം. ഇന്ന് കഥ മാറിയിരിക്കുന്നു. കാരണം ചികയാൻ തലപുകയ്ക്കേണ്ടതില്ല. ഏത് മൈതാനത്തും വിക്കറ്റിലും വൈഭവം പുലർത്തുന്ന ബുംറയുടെ സാന്നിധ്യം. രോഹിതിന്റെ ബാറ്റ് നിശബ്ദത വെടിഞ്ഞിരിക്കുന്നു.
കരിയറിന്റെ സായാഹ്നത്തിലാണ് രോഹിത്. ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ എന്നേ തുന്നിച്ചേർത്ത പേരാണത്. പക്ഷേ, കല്ലേറുകളാണ് ഐപിഎല്‍ കാലമെന്നും രോഹിതിന്. അതയാളുടെ ശൈലികൊണ്ടാണ്. പവർപ്ലേ പരമാവധി ഉപയോഗിക്കുക, മുന്നിലെത്തുന്ന പന്തുകള്‍ക്ക് മെറിറ്റ് അടിസ്ഥാനമില്ല, ഗ്യാലറിയില്‍ നിക്ഷേപിക്കുക മാത്രമാണ് ലക്ഷ്യം. പവർപ്ലെ സ്റ്റാറെന്നാണ് പരിഹാസം പോലും.
ചുവടു മാറ്റിയിരിക്കുന്നു. താൻ കളിച്ചു തെളിഞ്ഞ വാംഖഡെ തന്നെ അതിനായി തിരഞ്ഞെടുത്തു. ഒന്നാം പന്ത് മുതലുള്ള അഗ്രസീവ് അപ്രോച്ചില്ല. നല്ല പന്തുകളെ ബഹുമാനിച്ചു, ബൗളര്‍മാരുടെ ചെറിയ എററുകള്‍ മുതലാക്കി ബൗണ്ടറികള്‍ കണ്ടെത്തുന്നു. കണ്ണിന് കുളിര്‍മ സമ്മാനിക്കുന്ന പുള്‍ഷോട്ടുകളും ഡ്രൈവുകളും ഒരിക്കല്‍ക്കൂടി സമ്മാനിക്കുകയാണ് രോഹിത്.
വാംഖഡയിലെ തുടര്‍ച്ചയായിരുന്നു ഹൈദരാബാദില്‍. ഒരുപക്ഷേ, ചെന്നൈക്കെതിരായ മത്സരത്തിനേക്കാള്‍ മികച്ച ഇന്നിങ്സ്. സ്ട്രൈക്ക് റൊട്ടേഷനും ഫീല്‍ഡിന് അനുസരിച്ചുള്ള കളിരീതിയും. എഫര്‍ട്ട്‌ലസായി രോഹിത് കളിക്കുകയാണ്, ആസ്വദിക്കുക, അതിനൊപ്പം സഞ്ചരിക്കുക.
ക്രീസില്‍ മറ്റേത് താരത്തേക്കാള്‍ അധികസമയം രോഹിതിന് ലഭിക്കുമെന്ന് വിദഗ്ദര്‍ പറയാറുണ്ട്, ദാറ്റ്സ് ഹിസ് ഗ്രേറ്റ്നസ്. തനിക്കൊന്നും നഷ്ടമായിട്ടില്ലെന്ന് രോഹിത് തെളിയിക്കുകയാണ്. പവര്‍പ്ലെ രോഹിത് താണ്ടിയില്‍ എതിരാളികള്‍ ജയം മറന്നേക്കുക എന്ന ഹാര്‍ദിക്കിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുകയാണ്. 2016ന് ശേഷം ആദ്യമായി തുടര്‍ അര്‍ദ്ധ സെഞ്ചുറികള്‍, ഒന്നും തെളിയിക്കുകയല്ല, ഓര്‍മിപ്പിക്കുകയാണ്.
രോഹിത് തന്റെ സമീപനത്തില്‍ മാറ്റം കൊണ്ടുവന്നപ്പോള്‍ മുംബൈ ബാറ്റിംഗ് നിര എങ്ങനെ ശക്തമായോ അതുപോലെ തന്നെയാണ് ബുംറയുടെ വരവില്‍ ബൗളിംഗ് നിരയ്ക്കുണ്ടായ ആത്മവിശ്വാസം. ദീപക് ചഹര്‍- ട്രെൻ ബോള്‍ട്ട് ദ്വയം പവര്‍പ്ലെയില്‍ എഫക്ടീവായിരുന്നെങ്കിലും മുംബൈ പലപ്പോഴും കളി കൈവിട്ടിരുന്നത് അവസാന ഓവറുകളിലായിരുന്നു.
ബോള്‍ട്ട് താളം കണ്ടെത്താതും ഹാര്‍ദിക് ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതും തിരിച്ചടിയായി. എന്നാല്‍ ബുംറ വന്നതോടുകൂടി അതിന് പരിഹാരമാവുകയായിരുന്നു. ബുംറയെ പവര്‍പ്ലെയില്‍ ഹാര്‍ദിക് വിരളമായി മാത്രമാണ് ഉപയോഗിക്കുന്നത്. കൂറ്റൻ സ്കോറുകളിലേക്ക് ഫിനിഷ് ചെയ്യണമെങ്കില്‍ എതിരാളികള്‍ക്ക് ബുംറയുടെ അവസാന മൂന്ന് ഓവര്‍ താണ്ടണം. അത് അത്ര എളുപ്പമുള്ള ഒന്നല്ല.
പരുക്കിനും ശസ്ത്രക്രിയകള്‍ക്കും ബുംറയുടെ കൃത്യതയ്ക്ക് വിലങ്ങിടാനായിട്ടില്ല. ബെംഗളൂരു റണ്‍മഴ തീര്‍ത്ത മത്സരത്തില്‍ മുംബൈ ബൗളര്‍മാരെല്ലാം ഒരു ഓവറില്‍ പത്ത് റണ്‍സിന് മുകളില്‍ വഴങ്ങി. ബുംറയുടെ എക്കണോമി 7.25. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ വഴങ്ങിയത് 21 റണ്‍സ് മാത്രം, ക്ലാസന്റെ ഓഫ് സ്റ്റമ്പും. ചെന്നൈക്കെതിരെ വാംഖഡയില്‍ വഴങ്ങിയത് 25 റണ്‍സ്, രണ്ട് വിക്കറ്റും സ്വന്തമാക്കി. ഡല്‍ഹിക്കെതിരെ മുംബൈ കളിനേടിയ ഓവര്‍ ബുംറയുടേതായിരുന്നു. ഇന്നലെയും ക്ലാസൻ വീണത് ബുംറയ്ക്ക് മുന്നില്‍.
സ്ലോ യോര്‍ക്കറുകളും ഓഫ് കട്ടറുകളും വേരിയേഷനുകളുമായി ഒരുവശത്ത് ബുംറ. മറുവശത്ത് ബുംറയുടെ വരവ് ബോള്‍ട്ടിന്റെ ഉത്തരവാദിത്തഭാരവും കുറച്ചു. ഇത് താരത്തിന്റെ പ്രകടനത്തിലും പ്രതിഫലിക്കുന്നതായി കാണാം. ഹൈദരാബാദിനെതിരെ നാല് വിക്കറ്റുകളാണ് ബോള്‍ട്ട് പിഴുതത്. ചഹറും തന്റെ പവര്‍പ്ലെ ഡൊമിനൻസ് തുടരുന്നു.
മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് സൂര്യകുമാര്‍, സീസണില്‍ ഒരു ഇന്നിങ്സില്‍ പോലും ഒറ്റ അക്കത്തില്‍ സൂര്യ മടങ്ങിയിട്ടില്ല. ഫുള്‍ ഫ്ലോയിലാണ് സൂര്യ, സ്വീപ് ഷോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു, റണ്‍സും. സാന്റനറിന്റെ കണിശതയും ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവും, തിലകും നമനും റോളുകള്‍ നിര്‍വഹിക്കുന്നു. മുംബൈ ഇന്ത്യൻസ് പീക്കിങ് അറ്റ് ദ റൈറ്റ് മൊമറ്റ്.
