യശസ്വി ജയ്‌സ്വാളിന്റെ (77*) അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ (39) വെടിക്കെട്ട് തുടക്കത്തിന്റെയും മികവിൽ രാജസ്ഥാൻ 150 റൺസ് നേടി. മുംബൈയുടെ വിജയലക്ഷ്യം 151 റൺസാണ്.
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 11 ഓവറില്‍ 151 റണ്‍സ് വിജയലക്ഷ്യം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 11 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നാലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ യശശ്വി ജയ്്‌സ്വാളിന്റെ (32 പന്തില്‍ പുറത്താവാതെ 77) അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി (14 പന്തില്‍ 39) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. രാജസ്ഥാന് നഷ്ടമായ രണ്ട് വിക്കറ്റുകളില്‍ രണ്ടും വീഴ്ത്തിയത് അല്ലാ ഗസന്‍ഫാറാണ്. ആദ്യ 3.2 ഓവറുകളിലാണ് പവര്‍ പ്ലേ നിശ്ചയിച്ചിരിക്കുന്നത്.
ഗംഭീര തുടക്കമാണ് വൈഭവ് - ജയ്്‌സ്വാള്‍ സഖ്യം രാജസ്ഥാന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 80 റണ്‍സ് ചേര്‍ത്തു. 30 പന്തുകള്‍ മാത്രമാണ് ഇരുവരും നേരിട്ടത്. ജസ്പ്രിത് ബുമ്രക്കെതിരെ സിക്‌സടിച്ച് തുടങ്ങിയ വൈഭവ് അഞ്ചാം ഓവറിലാണ് മടങ്ങുന്നത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ധ്രുവ് ജുറലും (2) മടങ്ങി. പിന്നീട് ജയ്‌സ്വാള്‍ - റിയാന്‍ പരാഗ് (20) സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. വൈകാതെ പരാഗ് പവലിയനില്‍ തിരിച്ചെത്തി. ഗസര്‍ഫാറിന്റെ രണ്ടാം വിക്കറ്റായിരുന്നത്.
പുറത്താവാതെ നിന്ന ജയ്‌സ്വാള്‍ നാല് സിക്‌സും 10 ഫോറുമാണ് നേടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (6) ജയ്‌സ്വാളിനൊപ്പം പുറത്താവാതെ നിന്നു. മുംബൈ നിരയില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ബുമ്ര 32 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ദീപക് ചാഹര്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഒരോവില്‍ 22 റണ്‍സ് വീതം വഴങ്ങി.
നേരത്തെ, മുംബൈ നിരയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ട്രന്റ് ബോള്‍ട്ടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരുന്നു ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈയെ നയിച്ചത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന്‍ റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.



