ദുബായ്: ഐപിഎല്‍ ഫിക്‌സച്ചറിന്റെ കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. സിഎസ്‌കെ ക്യാംപില്‍ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നീട്ടിവെക്കുമെന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്തായാലും അതുണ്ടായില്ല. മുന്‍ നിശ്ചിയിച്ച പ്രകാരം ഈമാസം 19ന് തന്നെ ഐപിഎല്‍ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും മൂന്ന് കിരീടങ്ങള്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. അബുദാബിയിലാണ് ഉദ്ഘാടനമത്സരം. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണിയുടെ പ്രകടനം ആദ്യ ദിവസം തന്നെ ആരാധകര്‍ക്ക് കാണാനാവുമെന്നാണ് മറ്റൊരു പ്രത്യേക. ഉദ്ഘാടന മത്സരം മുംബൈയും ചെന്നൈയും ആയിരിക്കുമെന്ന് നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ഒരു സൂചന നല്‍കിയത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ആശംസകള്‍ അറിയിച്ചപ്പോഴാണ് ഹിറ്റ്മാന്‍ ഇങ്ങനെയൊരു സൂചന നല്‍കിയത്. 19ന് ഐപിഎല്‍ ടോസിന് കാണാമെന്നായിരുന്നു രോഹിത് അന്ന് പറഞ്ഞത്. അതോടെ ആദ്യ മത്സരം മുംബൈ- ചെന്നൈ ആയിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നു. ഏതായാലും രോഹത്തിന്റെ വാക്കുകള്‍ കൃത്യമായി.

ഷാര്‍ജ, അബുദാബി, ദുബായ് എന്നീ വേദികളിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. മാര്‍ച്ചിലായിരുന്നു ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് യുഎഇയില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.