സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ സെഞ്ചുറി ഉള്‍പ്പെടെ 297 റണ്‍സടിച്ച രോഹിത് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ആകെ നേടിയത് 52 റണ്‍സ് മാത്രമാണ്.
മുംബൈ: ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സീസണിലെ അവസാന മത്സരത്തിന് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് സര്‍മക്കും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ലഭിക്കുന്ന അവസാന അവസരമാണിത്.
സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ സെഞ്ചുറി ഉള്‍പ്പെടെ 297 റണ്‍സടിച്ച രോഹിത് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ആകെ നേടിയത് 52 റണ്‍സ് മാത്രമാണ്. ഇതില്‍ നാലു തവണയും ഒറ്റ അക്കത്തില്‍ പുറത്തായി. കൊല്‍ക്കത്തക്കെതിരെ 24 പന്തില്‍ 19 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഫോമിലല്ല. 13 മത്സരങ്ങളില്‍ നിന്ന് ഹാര്‍ദ്ദിക്കിന് നേടാനായത് 200 റണ്‍സ് മാത്രമാണ്. 13 മത്സരങ്ങളില്‍ 11 വിക്കറ്റും ഹാര്‍ദ്ദിക് വീഴ്ത്തി. ഇന്ന് ലഖ്നൗവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇരുവര്‍ക്കും ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാനാവും.
മറുവശത്ത് ലോകകപ്പ് ടീമിലിടം നഷ്ടമായ കെ എല്‍ രാഹുലിന് മുംബൈക്കെതിരെ വമ്പന്‍ ജയം നേടി പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടവും. ഇന്ന് മുംബൈയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച് നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തിയാല്‍ ലഖ്നൗവിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനും റോയല്‍ചലഞ്ചേഴ്സ് ബെംഗലൂരുവിനുമൊപ്പം പ്ലേ ഓഫിലെ അവസാന ടീമാവാന്‍ മത്സരിക്കാം. നേരിയ ജയം മാത്രമാണ് നേടുന്നതെങ്കിലോ തോറ്റാലോ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും. രണ്ട് മാറ്റങ്ങളോടെയാണ് ലഖ്നൗ ഇന്നിറങ്ങുന്നത്. ക്വിന്‍റണ്‍ ഡി കോക്ക് പുറത്തായപ്പോള്‍ മലയാളി താരം ദേവ്ദത്ത് പടിക്കലും മാറ്റ് ഹെന്‍റിയും ലഖ്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ടീമില്‍ ജസ്പ്രീത് ബുമ്രക്ക് പകരം അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ പ്ലേയിംഗ് ഇലവനിലെത്തി.
ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ, നമൻ ധിർ, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്, ഹാർദിക് പാണ്ഡ്യ, നെഹാൽ വധേര, റൊമാരിയോ ഷെപ്പേർഡ്, അൻഷുൽ കംബോജ്, പിയൂഷ് ചൗള, അർജുൻ ടെണ്ടുൽക്കർ, നുവാൻ തുഷാര.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, ദേവദത്ത് പടിക്കൽ, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, ക്രുനാൽ പാണ്ഡ്യ, അർഷാദ് ഖാൻ, മാറ്റ് ഹെൻറി, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ
