ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഓപ്പണറായി തിളങ്ങിയ 17കാരന്‍ ആയുഷ് മാത്രെ കൊല്‍ക്കത്ത മധ്യനിരയില്‍ തിളങ്ങുന്ന അംഗ്രിഷ് രഘുവംശി ഐപിഎല്ലില്‍ ഇതുവരെ അവസരം കിട്ടാത്ത മുഷീര്‍ ഖാൻ അടക്കമുള്ള താരങ്ങൾ ലേലത്തിനുണ്ട്.

മുംബൈ: ഐപിഎല്‍ പ്ലേ ഓഫിലേക്ക് കടക്കുമ്പോള്‍ മറ്റൊരു താരലേലത്തിന് അരങ്ങൊരുങ്ങുകയാണ് മുംബൈയില്‍. ഇന്ത്യയുടെ ക്രിക്കറ്റ് ഫാക്ടറിയായ മുംബൈയുടെ സ്വന്തം ടി20 ലീഗായ മുംബൈ ടി20 ലീഗിലേക്കുള്ള താരലേലമാണ് നാളെ നടക്കുക. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ പലതാരങ്ങളും മുംബൈ ടി20 ലീഗ് താരലേലത്തിനുമുണ്ടെന്നതിനാല്‍ ആരാധകരും താരലേലത്തിനെ ഉറ്റുനോക്കുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഓപ്പണറായി തിളങ്ങിയ 17കാരന്‍ ആയുഷ് മാത്രെ കൊല്‍ക്കത്ത മധ്യനിരയില്‍ തിളങ്ങുന്ന അംഗ്രിഷ് രഘുവംശി ഐപിഎല്ലില്‍ ഇതുവരെ അവസരം കിട്ടാത്ത മുഷീര്‍ ഖാൻ അടക്കമുള്ള താരങ്ങൾ ലേലത്തിനുണ്ട്. ഇതിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന തനുഷ് കൊടിയാന്‍ സിദ്ദേശ് ലാഡ്, ഷംസ് മുലാനി എന്നിവരും നാളെ ലേലത്തിനുണ്ട്. ഇന്ത്യൻ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്(ട്രയംഫ് നൈറ്റ്സ് മുംബൈ നോര്‍ത്ത് ഈസ്റ്റ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിങ്ക്യാ രഹാനെ(ബാന്ദ്ര ബ്ലാസ്റ്റേഴ്സ്), ശ്രേയസ് അയ്യര്‍(സോബോ മുംബൈ ഫാല്‍ക്കണ്‍സ്), പൃഥ്വി ഷാ(നോര്‍ത്ത് മുംബൈ സ്ട്രൈക്കേഴ്സ്), സര്‍ഫറാസ് ഖാന്‍(ആകാശ് ടൈഗേഴ്സ്, മുംബൈ വെസ്റ്റേണ്‍ സബര്‍ബ്സ്), തുഷാര്‍ ദേശ്‌പാണ്ഡെ(മറാത്ത റോയല്‍സ്, മുംബൈ സൗത്ത് സെന്‍ട്രല്‍) എന്നിവര്‍ വിവിധ ടീമുകളുടെ ഐക്കണ്‍ താരങ്ങളാണ്.

മൂന്ന് പൂളുകളായി തിരിച്ചാണ് കളിക്കാരുടെ ലേലം നടക്കുക. സീനിയര്‍ താരങ്ങളുടെ ലിസ്റ്റില്‍ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങള്‍ കളിച്ച താരങ്ങളും എമേര്‍ജിംഗ് താരങ്ങളുടെ ലിസ്റ്റില്‍ മുംബൈ അണ്ടര്‍ 23, അണ്ടര്‍ 19 താരങ്ങളും, ഡവലപ്മെന്‍റ് താരങ്ങളുടെ പട്ടികയില്‍ പ്രാദേശിക ക്ലബ്ബുകളിലെ താരങ്ങളുമാണുള്ളത്. സീനിയര്‍ താരങ്ങളുടെ അടിസ്ഥാന വില അഞ്ച് ലക്ഷവും എമേര്‍ജിംഗ് പ്ലേയറുടേത് മൂന്ന് ലക്ഷവും ഡവലപ്മെന്‍റ് പ്ലേയറുടേത് രണ്ട് ലക്ഷവുമായിരിക്കും.

ഓരോ ടീമും നാലു സീനിയര്‍ താരങ്ങളെയും അഞ്ച് വീതം എമേര്‍ജിംഗ്, ഡവലപ്മെന്‍റ് താരങ്ങളെയും ടീമിലെടുക്കണമെന്ന് നിബന്ധനയുണ്ട്. ഓരോ ടീമിലും കുറഞ്ഞത് 18 അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഇതിന് പുറമെ ഓരോ ടീമും 2005 സെപ്റ്റംബര്‍ ഒന്നിന് ശേഷം ജനിച്ച രണ്ട് താരങ്ങളെയെങ്കിലും ടീമിലെടുക്കുകയും ഇവരിലൊരാളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും വേണം. ഐക്കണ്‍ താരങ്ങള്‍ക്ക് 20 ലക്ഷം രൂപയായിരിക്കും പ്രതിഫലം. ഓരോ ടീമിനും പേഴ്സിലുള്ള ഒരു കോടിയില്‍ ഐക്കണ്‍ താരങ്ങള്‍ക്കായി ചെലവഴിക്കുന്ന 20 ലക്ഷത്തിന് പുറമെ പരമാവധി 80 ലക്ഷം രൂപയാണ് ലേലത്തില്‍ ചെലവഴിക്കാനാകുക.