ദുബായ്: ഐപിഎല്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 2020ന് സീസണിനുള്ള അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. ടീമിന്റെ പരമ്പരാഗത ഇളം നീല നിറത്തിന് തന്നെയാണ് ജേഴ്‌സിയില്‍ പ്രാധാന്യം നല്‍കിയിരക്കുന്നത്. ഇരു തോളിനും സ്വര്‍ണനിറവും നല്‍കിയിട്ടുണ്ട്. പാന്റിന്റെ രണ്ട് അരികും കടുത്ത നീല നിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. കൊറൊണക്കാലത്തെ പരിശീലനത്തെ കുറിച്ച് രോഹിത് സംസാരിക്കുകയും ചെയ്തു. ''അഞ്ച് മാസത്തിന് ശേഷം ഗ്രൗണ്ടിലേക്കിറങ്ങുകയാണ്. പരിശീലനം നടത്തുന്ന ഓരോ നിമിഷവും മനോഹരമായി തോന്നുന്നു. ചൂട് കൂടുതലാണ് യുഎഇയില്‍. വരുംദിവസങ്ങളില്‍ ഈ സാഹചര്യങ്ങളോട് ഇടപഴകാന്‍ കഴിയുമെന്ന് കരുതുന്നു.'' നാലാം വര്‍ഷം മുംബൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ വ്യക്തമാക്കി. 

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. നേരത്തെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം ഷെഡ്യൂളില്‍ മാറ്റമുണ്ടായേക്കാം. ചെന്നൈ ക്യാംപില്‍ കൊവിഡ് പടരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. രണ്ട് താരങ്ങള്‍ക്ക് കെവിഡ് സ്ഥിരീകരിച്ചിരുന്നു.